

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിനായി കേരളത്തിലെ ഓരോ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ടോ അല്ലെങ്കിൽ പരമാവധി മൂന്ന് പേർ വരെ ഉൾപ്പെടുന്ന പാനൽ നൽകണമെന്നു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. സ്ഥാനാർഥി മോഹികളെയെല്ലാം പട്ടികയിൽ കുത്തിനിറയ്ക്കുന്ന രീതി വേണ്ടെന്നും എഐസിസി വ്യക്തമാക്കി.
പാനൽ തയാറാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല. സമിതി കൂടി ഏതാനും നേതാക്കളെ പട്ടിക അന്തിമമാക്കാൻ ചുമതലപ്പെടുത്തുന്ന രീതിയോട് ഹൈക്കമാൻഡിനു യോജിപ്പില്ല. സമിതി തന്നെ നിർദേശങ്ങൾ തയാറാക്കണം. ഈ മാസം 20–25 ന് അകം പേരുകൾ തയാറാക്കുന്നതു പൂർത്തിയാക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് നൽകിയിരുന്നു.
സ്ഥാനാർഥിത്വത്തിനു വിജയ സാധ്യത മാത്രമേ മാനദണ്ഡമാക്കാവൂ എന്ന കർശന നിർദേശമാണു രാഹുൽഗാന്ധിയുടേത്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ഗ്രൂപ്പ് വീതം വയ്പിലൂടെ ചില സീറ്റുകൾ ഒടുവിൽ നഷ്ടപ്പെടുത്തുന്ന പ്രവണത കേന്ദ്ര നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരള യാത്രയിലാണെങ്കിലും അതിന്റെ പേരിൽ സമിതി ചേരുന്നത് നീട്ടിക്കൊണ്ടുപോകരുതെന്ന അഭിപ്രായമാണു കേന്ദ്ര നേതൃത്വത്തിന്റേത്. അതിനാൽ 28 ന് യാത്ര സമാപിക്കുന്നതിനു മുൻപുതന്നെ മുല്ലപ്പള്ളിയുടെ സൗകര്യാർഥം തിരഞ്ഞെടുപ്പു സമിതി ചേരാൻ കഴിയുമോയെന്നു നേതാക്കൾ പരിശോധിക്കും. പ്രവർത്തകസമിതി അംഗങ്ങളായ എകെ ആന്റണി, ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ എന്നിവരും സമിതിയിലുള്ളതിനാൽ അവരുടെ സൗകര്യവും കണക്കിലെടുത്തേ തീയതി നിശ്ചയിക്കാനാവൂ.
ഈ മാസം 25നകം സ്ഥാനാർഥിപ്പട്ടിക തയാറാക്കണമെന്നാണു കേന്ദ്ര നിർദേശമെങ്കിലും അൽപം കൂടി നീട്ടിക്കിട്ടിയേക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാർച്ച് ആദ്യത്തോടെ പട്ടിക തയാറാക്കാനാകുമെന്നും ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates