സ്വപ്‌നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്ന് ; പുറത്തുവന്നത് കസ്റ്റംസ് ഉന്നതന്‍ മൊബൈലില്‍ ചിത്രീകരിച്ചതെന്ന് ഐബി

സ്വപ്‌നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്ന് ; പുറത്തുവന്നത് കസ്റ്റംസ് ഉന്നതന്‍ മൊബൈലില്‍ ചിത്രീകരിച്ചതെന്ന് ഐബി

സ്വപ്‌ന സുരേഷ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ നല്‍കിയ മൂന്നുപേജുള്ള മൊഴിയാണ് ചോര്‍ന്നത്
Published on

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നത് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണില്‍ നിന്ന്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഇന്റലിജന്‍സ് ബ്യൂറോ കസ്റ്റംസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. 

സ്വപ്‌ന സുരേഷ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ നല്‍കിയ മൂന്നുപേജുള്ള മൊഴിയാണ് ചോര്‍ന്നത്. ഇത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വിശദമായ അന്വേഷണം കസ്റ്റംസ് കമ്മീഷണര്‍ ഐബിയോട് ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ചിത്രീകരിച്ച മൊഴിയാണ് പുറത്തുവന്നതെന്നാണ് ഐബിയുടെ കണ്ടെത്തല്‍. 

ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ള മൊബൈലില്‍ നിന്നാണ് മൊഴിയുടെ ചിത്രം പുറത്തായത്. സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയ മൂന്നംഗ സംഘത്തെ നയിച്ച ഉദ്യോഗസ്ഥനെതിരെയാണ് ഐബി റിപ്പോര്‍ട്ട് നല്‍കിയത്. മൊഴിയിലെ മൂന്ന് പേജുകളാണ് ചേര്‍ന്നത്. സ്വപ്‌നയുടെ മൊഴി ചിത്രീകരിച്ചശേഷം ഇദ്ദേഹം ഇത് ബ്ലൂടൂത്ത് വഴി ഭാര്യയുടെ പേരിലുള്ള ഫോണിലേക്ക് മാറ്റി. ഈ ഫോണില്‍ നിന്നാണ് ചിത്രം പുറത്തു പോയതെന്ന് ഐബി കണ്ടെത്തി. 

ഫോണില്‍ നിന്നും ചോര്‍ന്ന ദൃശ്യങ്ങല്‍ അതേപടിയല്ല സമൂഹമാധ്യമങ്ങളില്‍ വന്നതെന്നും ഐബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ ക്രോപ്പ് ചെയ്ത് വൃത്തിയാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ആസൂത്രണം ഉണ്ടായിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. രണ്ട് പുരുഷ ഉദ്യോഗസ്ഥരും ഒരു വനിതാ ഉദ്യോഗസ്ഥയും ചേര്‍ന്നാണ് സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com