

കൊച്ചി: സ്വയംഭോഗം ചെയ്യുന്നവര്‍ക്കും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ബ്ലൂഫിലിം കാണുന്നവര്‍ക്കുമാണ് ഓട്ടിസമുള്ള കുട്ടികള്‍ ഉണ്ടാകുന്നതെന്ന വിവാദ പരാമര്‍ശം നടത്തിയ മലയാളി വൈദികന്‍ ഫാ ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെ അയര്‍ലണ്ടിലെ ധ്യാന പരിപാടിയില്‍ നിന്ന് നേരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡയിലും വിലക്കേര്‍പ്പെടുത്തിയത്.
കാനഡയിലെ കാല്‍ഗറിയില്‍ ഫാ ഡൊമിനിക് വളമനാലിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ധ്യാന പരിപാടിയാണ് ഇപ്പോള്‍ വിലക്കിയത്. പരിപാടി റദ്ദു ചെയ്ത വിവരം കാനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'രോഗസൗഖ്യധാനം' എന്ന പേരില്‍ ജൂലൈ 23, 24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്. വൈദികന്റെ പരിപാടി റദ്ദ് ചെയ്ത കാല്‍ഗറി രൂപത, ഭാവിയില്‍ പുറത്ത് നിന്ന് വൈദികരെ എത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫാ. ഡൊമിനികിന്റെ പ്രസംഗം സഭയുടെ പഠനങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് സഭയെന്നും കാല്‍ഗറി രൂപത അവരുടെ വിശദീകരണ കുറിപ്പിലൂടെ അറിയിച്ചു. ഓട്ടിസം മൂലം കഷ്ടപ്പെടുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് വൈദികന്റെ പരിപാടി റദ്ദാക്കിയതായി കാല്‍ഗറി രൂപത അറിയിച്ചത്.
ഒരു ധ്യാനപ്രസംഗത്തിനിടെ വൈദികന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്കിടയാക്കിയത്. മാതാപിതാക്കളുടെ ജീവിതരീതി കൊണ്ടാണ് കുട്ടികള്‍ക്ക് ഓട്ടിസം വരുന്നത് എന്നായിരുന്നു പ്രസംഗത്തില്‍ വൈദികന്‍ പറഞ്ഞത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ കൂടുതലും ഉണ്ടാകുന്നത് അയര്‍ലണ്ടിലെയും ഇംഗ്ലണ്ടിലെയും മലയാളി കുടുംബങ്ങളിലാണെന്നും വൈദികന്‍ ആരോപിച്ചിരുന്നു.
മദ്യം, സിഗരറ്റ്, ബീഡി, മയക്കുമരുന്ന്, പാന്‍ പരാഗ്, വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, ബ്ലൂഫിലിം തുടങ്ങിയവ പതിവാക്കിയ യുവാക്കള്‍ക്ക് ഓട്ടിസമുള്ള കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു വൈദികന്‍ പ്രസംഗത്തില്‍ പറഞ്ഞത്. വൈദികന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ഇദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates