

കൊച്ചി: വേദപണ്ഡിതനും ശിവഗിരി മഠം മുന്‍ അധ്യക്ഷനുമായ സ്വാമി പ്രകാശാനന്ദയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനു ഭീഷണിയെന്നും ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. 98കാരനായ പ്രകാശാനന്ദയെ ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ തള്ളിയിരിക്കുകയാണെന്നും ആരെയും അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രകാശാനന്ദയുടെ അനുയായിയായ, തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാര്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കലയില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലെ മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് പ്രകാശാനന്ദ കഴിയുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണ്. എസ്എന്‍ ട്രസ്റ്റ് ഭാരവാഹികളുടെ അന്യായമായ തടങ്കലിലാണ് സ്വാമി പ്രകാശാനന്ദയെന്ന് ഹര്‍ജിയില്‍ പറയുന്നു.
ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, എസ്എന്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സൂപ്രണ്ട് എന്നിവരുടെ പേരുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതയല്ലാതെ മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ അദ്ദേഹത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസ്ഥ താന്‍ വ്യക്തിപരമായി കണ്ടു മനസ്സിലാക്കിയതാണെന്ന് വിജേന്ദ്രകുമാര്‍ പറയുന്നു.
പ്രകാശാനന്ദ മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്തരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭക്തര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതും അനുഗ്രഹം തേടുന്നതും തടയുകയാണ്. അനാവശ്യമായി മരുന്നുകള്‍ നല്‍കിയും സ്ലോ പോയിസനിങ്ങിലൂടെയും സ്വാമി പ്രകാശാനന്ദയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനു സംരക്ഷണം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രകാശാനന്ദയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന്, കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അഭിലാഷ് രാമന്‍ കോടതിയെ അറിയിച്ചു. പരിചരിക്കുന്നയാളെ ഒഴിച്ച് സ്വാമിയുടെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും ഡോക്ടര്‍ അറിയിച്ചു. സ്വാമിയുടെ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് മഠത്തിന്റെ അഭിഭാഷകന്‍ വി ജയപ്രദീപ് ആവശ്യപ്പെട്ടു.
മഠത്തിനെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയപ്രദീപ് പറഞ്ഞു. ഹര്‍ജിയുടെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെ 50,000 രൂപ കെട്ടിവയ്ക്കാന്‍ ഹര്‍ജിക്കാരനോടു കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates