

തിരുവനന്തപുരം: സ്വർണപ്പണയത്തിന്മേൽ കാർഷിക വായ്പ നൽകുന്നതിൽ വിലക്കില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയർമാൻ ആർ എ ശങ്കരനാരായണൻ. നാലുശതമാനം പലിശനിരക്കിലാണ് സ്വർണപ്പണയത്തിന്മേൽ കാർഷികവായ്പ അനുവദിക്കുന്നത്. ഇത് കർഷകർക്ക് മാത്രമാണെന്നും ശങ്കരനാരായണൻ പറഞ്ഞു.
സ്വർണപ്പണയത്തിൽ കാർഷികവായ്പ നൽകാനിടയില്ലെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വർണപ്പണയ കാർഷികവായ്പ ഒഴിവാക്കാൻ റിസർവ് ബാങ്കിനു കഴിയില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ശങ്കരനാരായണൻ പറഞ്ഞു.
ഇത്തരം വായ്പ കൃഷിക്കായല്ല ഉപയോഗിക്കുന്നതെന്നും ഇത് പരിശോധിക്കണമെന്നും മന്ത്രി വി എസ് സുനിൽകുമാർ റിസർവ് ബാങ്കിനോടും കേന്ദ്ര ധനമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ബാങ്ക് മേധാവികളുടെ യോഗം ചേർന്നപ്പോൾ റിസർവ് ബാങ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കുന്നതിനെ വിലക്കുന്നത് സ്വകാര്യ പണമിടപാടുകാരെ സഹായിക്കുന്നതാകുമെന്നാണ് ബാങ്കുകളുടെ നിലപാട്. ഭൂമിയുടെ രേഖവെച്ച് വായ്പ അനുവദിക്കുന്നത് തുടരുമെന്നും ശങ്കരനാരായണൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates