

തിരുവനന്തപുരം : സ്വർണക്കടത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. സ്വർണം വാങ്ങാൻ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. പല സ്വർണക്കടത്തിലും പണമിറക്കുന്ന രണ്ടുപേരാണ് ഇതിനും പിന്നിലെന്ന് സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് ഇവർ.
ഇവർ സ്വർണക്കടത്തിനുപയോഗിച്ച പല കടത്തുകാരിൽ ഒരുസംഘം മാത്രമാണ് സ്വപ്നയും സരിത്തും എന്നാണ് കസ്റ്റംസിന്റെ നിഗമനം. ഓരോ തവണയും കടത്താനുള്ള സ്വർണം തയ്യാറാകുമ്പോൾ, കടത്തുകാരുമായി സംസാരിച്ച് തുക ഉറപ്പിക്കുകയാണ് പതിവ് എന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു.
അന്വേഷണവുമായി യുഎഇ കോൺസലിലെ ഉദ്യോഗസ്ഥൻ പൂർണമായും സഹകരിക്കുന്നുണ്ട്. അദ്ദേഹം തന്ന പല സൂചനകളിലും സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കൂടുതൽ വ്യക്തത കൈവരുകയുള്ളൂവെന്നും ഉന്നതോദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇതിനിടെ ഐ ടി വകുപ്പിൽ സ്വപ്നാ സുരേഷ് ജോലിചെയ്തിരുന്ന സ്ഥലത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്തുനൽകി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ എഡിജിപി മനോജ് എബ്രഹാമിനാണ് കത്തുനൽകിയത്. പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ സൂചിപ്പിച്ചു.
മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. തുടർന്നാണ് ഔദ്യോഗികമായി കത്തയക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.സരിത്തിന്റെ പങ്കാളിയായ സന്ദീപ് നായർ പലപ്രാവശ്യം ഐടി സ്ഥാപനത്തിലെത്തി സ്വപ്നയെ കണ്ടിട്ടുണ്ടെന്നാണ് സൂചന. സന്ദീപ് മുമ്പും സ്വർണക്കടത്തിൽ പങ്കാളിയായിട്ടുണ്ട്. അഞ്ചുവർഷം മുമ്പ് സ്വർണക്കടത്തിന് സന്ദീപിന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates