ഹൈക്കോടതി വിധി ദൗർഭാ​​ഗ്യകരം; ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമെന്ന് എസ്എഫ്ഐ

വര്‍ത്തമാന കാലത്ത് രാജ്യത്ത് നടക്കുന്ന ജനാതിപത്യ ധ്വംസനങ്ങള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്  കലാലയങ്ങളിലെ രാഷ്ട്രീയ ബോധ്യമുയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹമാണ്
ഹൈക്കോടതി വിധി ദൗർഭാ​​ഗ്യകരം; ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമെന്ന് എസ്എഫ്ഐ
Updated on
1 min read

തിരുവനന്തപുരം: വിയോജിക്കുവാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന്‌ എസ്എഫ്‌ഐ. അനുച്ഛേദം 19(എ)യിലൂടെ അഭിപ്രായ  സ്വാതന്ത്ര്യവും 19(ബി) യിലൂടെ സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയെ സംബന്ധിച്ച്   നിലപാട് വ്യക്തമാക്കുകയായിരുന്നു എസ്എഫ്‌ഐ.

കേരള ഹൈക്കോടതിയുടെ  വിധി മൗലികാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. വിദ്യാര്‍ഥികളുടെ 'പഠിക്കുക' എന്ന അവകാശം പോലും സ്വകാര്യ മാനേജ്‌മെന്റുകളുടെയും ഗവണ്മെന്റുകളുടെയും നിലപാടുകളുടെ ഫലമായി ലംഘിക്കപ്പെടുന്ന അവസരങ്ങളില്‍ ആ അവകാശങ്ങള്‍ക്കുവേണ്ടി പ്രതിക്ഷേധമുയര്‍ത്തുന്നത് കലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ സംഘടിത ബോധം തന്നെയാണ്. ഡല്‍ഹി ജെഎന്‍യു വില്‍ മാസങ്ങളായി നടക്കുന്ന സമരം പഠിക്കാന്‍ വേണ്ടിയുള്ള സമരമാണ്. കഴിഞ്ഞ ദിവസം എറണാകുളം അരൂജ സ്‌കൂളിലേക്ക് നടന്ന സമരവും പഠിക്കുക എന്ന അവകാശത്തിന് വേണ്ടിയായിരുന്നു.

വിദ്യാര്‍ഥികളെ സാമൂഹ്യവല്‍ക്കരിക്കുന്നതിലും ജനാധിപത്യ-മതനിരപേക്ഷ മൂല്യവല്‍കരിക്കുന്നതിലും കലാലയ രാഷ്ട്രീയത്തിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്.  വര്‍ത്തമാന കാലത്ത് രാജ്യത്ത് നടക്കുന്ന ജനാതിപത്യ ധ്വംസനങ്ങള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്  കലാലയങ്ങളിലെ രാഷ്ട്രീയ ബോധ്യമുയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹമാണ്.

വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിക്കപ്പെട്ട ക്യാംപസുകള്‍ മാനേജ്‌മെന്റുകളുടെ ഇടിമുറികളായി മാറുന്ന കാഴ്ചയും മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും കേരള സമൂഹം കണ്ടതാണ്.

ഈ വസ്തുതകള്‍ എല്ലാം മുന്‍പിലുണ്ടായിരിക്കെ കേവലം പഠനം തടസപ്പെടുന്നു എന്ന വാദം ഉന്നയിച്ചു വിദ്യാര്‍ത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള കേരള ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാഭ്യാസത്തെ കച്ചവടത്തിന് വേണ്ടിമാത്രമുള്ള ഉല്‍പന്നമാക്കുന്ന സൗകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് സഹായകമാകുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com