ആലപ്പുഴ : വളവില്‍ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ല് പൊലീസ് അടിച്ചുകൊഴിച്ചു. തിരുവനന്തപുരം പിഎസ്‌സി ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല 5-ാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ് കമ്മത്തിനാണ് (52) മര്‍ദനമേറ്റത്. ശനിയാഴ്ച വൈകിട്ടു ചേര്‍ത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം.
ഡിജിപിക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് ചേര്‍ത്തല സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുധീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ബാബുവിനും സിവില്‍ പൊലീസ് ഓഫിസര്‍ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. സംഭവം അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി കെ എം ടോമി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി.
ശനിയാഴ്ച എറണാകുളത്ത് പിഎസ്‌സി ജോലി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവില്‍, ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്നു പരിശോധിക്കുകയായിരുന്നു. മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയച്ചു. ബൈക്ക് അല്‍പം മാറ്റി നിര്‍ത്തിയ ശേഷം, വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്നു ഡിജിപിയുടെ സര്‍ക്കുലര്‍ ഇല്ലേയെന്നു ചോദിക്കുകയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു പൊലീസിന് ഇഷ്ടപ്പെട്ടില്ല.
കൈ പിന്നില്‍ കൂട്ടിക്കെട്ടി പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. തലയിലും കണ്ണിലും ഇടിച്ചു. ജനനേന്ദ്രിയത്തിന് പരുക്കേല്‍പിച്ചു. മര്‍ദനത്തില്‍ മുന്നിലെ പല്ല് നഷ്ടമായി. സ്‌റ്റേഷനില്‍ എത്തിച്ചും ഉപദ്രവിച്ചു. മെഡിക്കല്‍ പരിശോധന സമയത്ത് പൊലീസ് മര്‍ദിച്ചെന്നു പറയരുതെന്ന് ഭീഷണിപ്പെടുത്തി. പൊലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസ്സം നിന്നു എന്ന വകുപ്പില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടെങ്കിലും പരാതിപ്പെടാന്‍ ഭയന്നു. തുടര്‍ന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ഡിജിപിക്കു പരാതി നല്‍കിയതെന്ന് രമേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates