ഹോം ക്വാറന്റൈന്‍: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി ഹോം ക്വാറന്റൈന്‍ നടപ്പാക്കിയിരുന്നു
ഹോം ക്വാറന്റൈന്‍: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി ഹോം ക്വാറന്റൈന്‍ നടപ്പാക്കിയിരുന്നു. അതിനാല്‍ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേക ശുചിമുറിയോടു കൂടിയ മുറിയില്‍ താമസിക്കണം. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കരുത്.
2. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ദീര്‍ഘകാല പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി, കരള്‍ രോഗം, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ ആസ്മ തുടങ്ങിയവ, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
3. ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവരുംപരിചരിക്കുക്കുന്നവരും 18നും 50നും വയസിനിടയ്ക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലാത്തയാളുമായിരിക്കണം.

വീടിനുള്ളില്‍ നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്ന മുറി:

1. ശുചിമുറികള്‍ അനുബന്ധമായ മുറികളാണ് രോഗികള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.
2. നല്ലരീതിയില്‍ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായിരിക്കണം.
3. മുറിയിലെ ജനാലകള്‍ വായു സഞ്ചാരത്തിനായി തുറന്നിടണം.
വീടിനെ സംബന്ധിച്ച പൊതുനിബന്ധനകള്‍:
1. രോഗി താമസിക്കുന്ന വീട്ടില്‍ സന്ദര്‍ശകര്‍ പാടില്ല.
2. രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെ മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു.
3. ഇവര്‍ ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.

ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

1. ക്വാറന്റൈനിലുള്ള വ്യക്തി മുറിയില്‍ തന്നെ തുടരണം.  ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്ത് വരരുത്. ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കണം.  പാത്രങ്ങള്‍ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കണം.
2. ക്വാറന്റൈനിലുള്ള വ്യക്തിയുടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം. യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യരുത്.
3. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും ഈവ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കരുത്. രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാം..
4. മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം.  (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും)
5. ക്വാറന്റൈനിലുള്ള വ്യക്തി രണ്ട് മീറ്ററിനുള്ളില്‍ മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
6. ആരോഗ്യ വകുപ്പ് അധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കണം. ഇവരോടുതന്നെ സംശയനിവാരണം നടത്തണം.
7. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടണം.
8. യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതിയില്ലാതെ ചികിത്സയ്ക്ക് ആണെങ്കില്‍ പോലും വീടിനു പുറത്ത് പോകരുത്.

ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്:

1. പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.
2. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കരുത്.
3. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു.
4. അങ്ങനെ കയറുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ഉചിതമായ രീതിയില്‍ ധരിച്ചിരിക്കണം.
5. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം.
6. മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഉടന്‍ കഴുകണം.
7. മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കരുത്.
8. രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കുകയും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കണം.

മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

1. കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേക്ക് മാറുന്നതാണ് അഭികാമ്യം.
2. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടില്‍ തന്നെ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേക്ക് പോകരുത്.
3. കുടുംബാംഗങ്ങളില്‍ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കണം. മറ്റാരും ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല.
4. പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
5. എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
6. കുടുംബാംഗങ്ങള്‍ വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള പ്രതലങ്ങളില്‍ തൊടരുത്.
7. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.

മാലിന്യങ്ങളുടെ സമാഹരണം:

1. മുറിക്കുള്ളില്‍ തന്നെ ഇതിനായി മൂന്ന് ബക്കറ്റുകള്‍ സൂക്ഷിക്കണം.
2. മലിനമായ തുണികള്‍, ടവലുകള്‍ മുതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തി കഴുകി ഉണക്കി ഉപയോഗിക്കണം.
3. മലിനമായ മാസ്‌കുകള്‍, പാഡുകള്‍, ടിഷ്യൂ എന്നിവ കത്തിക്കണം.
4. ആഹാര വസ്തുക്കള്‍, മറ്റ് പൊതു മാലിന്യങ്ങള്‍ എന്നിവ ആഴത്തില്‍ കുഴിച്ചിടണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com