

കൊച്ചി : മരട് ഫ്‌ലാറ്റ് കേസില്‍ നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്. നാലു ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെയും സ്വത്ത് കണ്ടുകെട്ടാനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായി ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബില്‍ഡേഴ്‌സിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്തുനല്‍കി.
ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ അക്കൗണ്ടുകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനോടകം ബില്‍ഡേഴ്‌സിന്റെ 200 അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടുകല്‍ കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ ഐജിയോടും ലാന്‍ഡ് റവന്യു കമ്മീഷണറോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്‌ലാറ്റ് ഉടമകള്‍ പരാതി നല്‍കാത്തതിനാല്‍ ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിനെതിരെ ഇതുവരെ നടപടി എടുത്തിരുന്നില്ല. എന്നാല്‍ ഈ ഫ്‌ലാറ്റും നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഈ ഫ്‌ലാറ്റ് നിര്‍മ്മാതാവിനെതിരെയും നടപടി സ്വീകരിക്കുന്നത്. അതേസമയം കേസില്‍ ഇന്നലെ അറസ്റ്റിലായ ഹോളിഫെയ്ത്ത് ഫ്‌ലാറ്റ് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ പ്രതി ചേര്‍ത്ത മരട് പഞ്ചായത്ത് മുന്‍ ഉദ്യോഗസ്ഥന്‍ ജയറാമിനെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തേക്കും. അതിനിടെ മറ്റ് പ്ലാറ്റ് നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയതായി സൂചനയുണ്ട്. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പോള്‍ രാജ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates