
ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെ 500ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ലെബനീസ് കുടുംബങ്ങള്‍ പലായനം ചെയ്തു. ഇറാന്‍ പിന്തുണയുള്ള ലെബനന്‍ ആസ്ഥാനമായ ഹിസ്ബുല്ല ഗ്രൂപ്പും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം പുതിയതല്ല. നാല് പതിറ്റാണ്ടിലേറെ നീണ്ട രക്തരൂക്ഷിതമായ ചരിത്രമാണ് ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധങ്ങള്‍ക്ക്.
ഹിസ്ബുല്ലയുടെ വളര്‍ച്ചയും ഇസ്രയേലുമായുള്ള രക്തരൂക്ഷിതമായ സംഘട്ടനത്തിന്റേയും തുടക്കം 1982 ലാണ് . പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേല്‍ ലെബനനെ ആക്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. 2000 മുതല്‍ 3500 ഓളം പലസ്തീന്‍ അഭയാര്‍ഥികളും ലെബനന്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. ഈകാലഘട്ടത്തിലാണ് ഹിസ്ബുല്ലയുടേയും ഉദയം. ഇറാന്റെ പിന്തുണയോടെ ഷിയ മുസ്ലീംങ്ങളാണ് ഹിസ്ബുല്ലയുടെ രൂപീകരണത്തിന് പിന്നില്‍. ബെയ്‌റൂട്ടിന്‍റെ തെക്കന്‍ മേഖലകളിലും ബെക്കാ താഴ്‌വരകളിലും നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ട് ഹിസ്ബുല്ല അതിവേഗം പ്രബല ശക്തിയായി വളര്‍ന്നു.
1982നും 1986നും ഇടയില്‍ ലെബനനിലെ വിദേശ സേനക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നു. 1983 ഒക്ടോബറില്‍ ബെയ്‌റൂട്ടിലെ ഫ്രഞ്ച്-അമേരിക്കന്‍ സൈനിക ബാരക്കുകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 300ലധികം സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ആക്രമണത്തിന്റെ അവകാശം ഏറ്റെടുത്തെങ്കിലും ഇതിന്റെ പിന്നില്‍ ഹിസ്ബുല്ലയാണെന്നാണ് പലരും വിശ്വസിച്ചിരുന്നത്. 1985ഓടെ തെക്കന്‍ ലെബനന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹിസ്ബുല്ല ശക്തി പ്രാപിച്ചു. ഇസ്രയേല്‍ പതിയെ സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിരായെങ്കിലും സൗത്ത് ലെബനന്‍ ആര്‍മി അവര്‍ നിലനിര്‍ത്തിപ്പോന്നു.
1992ലെ ലെബനനിലെ ആഭ്യന്തര യുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ എട്ട് സീറ്റുകള്‍ നേടി ഹിസ്ബുല്ല രാഷ്ട്രീയത്തില്‍ സ്ഥാനം ഉറപ്പിച്ചു. ക്രമേണ സൈനികമായും രാഷ്ട്രീയമായും ഹിസ്ബുല്ല വളരുന്ന കാഴ്ചയാണ് കണ്ടത്. ഇസ്രയേല്‍ സേനക്കെതിരായ പ്രതിരോധം ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ശക്തമായി. 1993ല്‍ വടക്കന്‍ ഇസ്രയേലിലെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇസ്രയേല്‍ ഓപ്പറേഷന്‍ അക്കൗണ്ടബിലിറ്റി ആരംഭിച്ചു. 118 ലെബനീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഇത് പിന്നീട് തീവ്രമായ സംഘര്‍ഷത്തിലെത്തിച്ചു.
രണ്ട് പതിറ്റാണ്ടോളം നീണ്ട അധിനിവേശത്തിന് ശേഷം 2000 മെയ് മാസത്തില്‍ ഇസ്രയേല്‍ ഏകപക്ഷീയമായി തെക്കന്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങി. ഈ നീക്കം പ്രധാനമായും ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പ്പിന് കാരണമായി. ലെബനിലെ ശക്തമായ രാഷ്ട്രീയ കക്ഷിയായി അപ്പോഴേക്കും ഹിസ്ബുല്ല മാറിയിരുന്നു. ഇസ്രലേയിനെതിരായ അറബ് പ്രതിരോധത്തിന്റെ പ്രതീകമായും ഹിസ്ബുല്ല നിലകൊണ്ടു. 2006ല്‍ ഹിസ്ബുല്ല രണ്ട് ഇസ്രയേല്‍ സൈനികരെ പിടികൂടിയതോടെ കാര്യങ്ങള്‍ വീണ്ടും മാറി. 34 ദിവസത്തെ സംഘര്‍ഷം ഇരു ഭാഗങ്ങളിലും മരണം വിതച്ചു. 1200 ലെബനീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ 158 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടു.
2009 ആയപ്പോഴേയ്ക്കും ഹിസ്ബുല്ല എല്ലാ അര്‍ഥത്തിലും വലിയ ശക്തിയായി മാറി. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് കൂടുതല്‍ കരുത്താര്‍ജിച്ചു. 2021 മുതല്‍ അസദ് ഭരണകൂടത്തിന് വേണ്ടി ഹിസ്ബുല്ല ഇടപെട്ടു. ഈ നീക്കം അറബ് രാജ്യങ്ങള്‍ക്കിടിയില്‍ പിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കി. പക്ഷേ, ഇറാനുമായുള്ള സഖ്യം ദൃഢമാക്കുകയും ചെയ്തു. 2023ലെ ഗാസ യുദ്ധം ഹിസ്ബുല്ലയെ ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിലേയ്ക്ക് തിരികെ കൊണ്ടുവന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates