

വാഷിങ്ടണ്‍: ശീതയുദ്ധത്തിലെ തന്ത്രപ്രധാനമായ ബോംബര്‍ വിമാനങ്ങള്‍ ഒരേദിവസം തകര്‍ന്നുവീണു. യുഎസ് വ്യോമസേനയുടെ കരുത്തനായ ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനവും ഷ്യയുടെ ടിയു-22എം3 എന്ന തന്ത്രപ്രധാന ബോംബര്‍ വിമാനവുമാണ് തകര്‍ന്ന് വീണത്. ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേരും കൊല്ലപ്പെട്ടു. സൈബീരിയയിലെ ഇര്‍കുത്സ്‌ക് മേഖലയില്‍ പരിശീലന പറക്കലിനിടെയാണ് റഷ്യന്‍ വിമാനം തകര്‍ന്നു വീണത്. ആര്‍ക്കു പരിക്കില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11.20നാണ് ബി-52 ബോംബര്‍ വിമാനം എഡ്വേര്‍ഡ്‌സ് താവളത്തില്‍ നിന്ന് ഒരു പതിവ് പരീക്ഷണ പറക്കലിനായി ഉയര്‍ന്നത്. എന്നാല്‍ പറന്നുയര്‍ന്ന തൊട്ടുപിന്നാലെ വിമാനം റണ്‍വേയ്ക്ക് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ലൊസാഞ്ചലസിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ താവളത്തില്‍ നടന്ന അപകടത്തെ അതീവ ഗുരുതരവും ദാരുണവുമെന്നാണ് യുഎസ് സൈനിക വക്താക്കള്‍ വിശേഷിപ്പിച്ചത്. ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമാണ് യുഎസ് വ്യോമസേനയെ നടുക്കിയ ഇത്രയും വലിയൊരു ബി-52 വിമാനാപകടം ഉണ്ടാകുന്നത്.
ബി-52 വിമാനങ്ങളുടെ അത്യാധുനിക 'റഡാര്‍ നവീകരണ പ്രോഗ്രാമിന്റെ' ഭാഗമായുള്ള സുപ്രധാന പരിശോധനകള്‍ക്കായാണ് വിമാനം തിങ്കളാഴ്ച പറന്നുയര്‍ന്നതെന്ന് എയര്‍ഫോഴ്‌സ് വക്താക്കള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട എഡ്വേര്‍ഡ്‌സ് ബേസ് പിന്നീട് വീണ്ടും തുറന്നെങ്കിലും, ചൊവ്വാഴ്ച വരെയുള്ള എല്ലാ പരീക്ഷണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കേണല്‍ ഹെയ്‌സ് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. യുഎസ് വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ പരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ബേസ്. നീളമേറിയ റണ്‍വേകളും അനുകൂലമായ ഭൂപ്രകൃതിയും ഉള്ളതിനാല്‍ വ്യോമസേനാ വിമാനങ്ങള്‍ മാത്രമല്ല, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, സ്‌പേസ് ഷട്ടിലുകള്‍ എന്നിവയെല്ലാം ഇവിടെയാണ് പരീക്ഷിക്കാറുള്ളത്.
പരിശീലന പറക്കലിനിടെയാണ് റഷ്യയുടെ ടിയു-22എം3 ബോംബര്‍ വിമാനം തകര്‍ന്നതെന്നും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് സുരക്ഷിതമായി പുറത്തേക്ക് ചാടാന്‍ കഴിഞ്ഞതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധസാമഗ്രികളൊന്നും വഹിക്കാതെയാണ് വിമാനം പറന്നിരുന്നത്. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കിവരികയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബി-52, ടിയു-22എം3 ബോംബര്‍ വിമാനങ്ങള്‍ യഥാക്രമം യുഎസ്, റഷ്യന്‍ സൈന്യങ്ങളില്‍ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചുവരുന്നവയാണ്. യുഎസ് വ്യോമശക്തിയുടെ പ്രതീകവും തന്ത്രപ്രധാനമായ ആയുധവുമാണ് ബോയിങ് കമ്പനി നിര്‍മിച്ച ബി-52 ബോംബര്‍ വിമാനങ്ങള്‍. ഏകദേശം 70,000 പൗണ്ട് (32,000 കിലോഗ്രാം) സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളവയാണിവ. 1962ന് ശേഷം ഈ വിമാനങ്ങളുടെ പുതിയ പതിപ്പുകള്‍ നിര്‍മിച്ചിട്ടില്ലെങ്കിലും കാലാനുസൃതമായ അറ്റകുറ്റപ്പണികളും സാങ്കേതിക നവീകരണങ്ങളും നടത്തിയാണ് ഇവ ഇപ്പോഴും പറത്തുന്നത്
ടിയു-22 വിമാനത്തിന് നാറ്റോ നല്‍കിയിരിക്കുന്ന കോഡ് 'ബാക്ക്ഫയര്‍' എന്നാണ്. സോവിയറ്റ് കാലഘട്ടത്തിലെ ഈ സൂപ്പര്‍സോണിക് ബോംബര്‍ വിമാനം സിറിയയിലെയും യുക്രെയ്‌നിലെയും യുദ്ധദൗത്യങ്ങള്‍ക്കായി റഷ്യ പിന്നീട് ഉപയോഗിച്ചിട്ടുണ്ട്. 'ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ്' പ്രകാരം, യഥാര്‍ത്ഥ ടിയു-22 വിമാനത്തിന്റെ നവീകരിച്ച പതിപ്പാണിത്. ഇതിന് എയര്‍-ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകളും, വായുവില്‍ നിന്ന് തൊടുത്തുവിടാവുന്ന ഹൈപ്പര്‍സോണിക് കിന്‍ഷാല്‍ 'ഡാഗര്‍' മിസൈലുകളും വഹിക്കാന്‍ ശേഷിയുണ്ട്. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ശത്രുക്കളുടെ ആക്രമണ പരിധിക്ക് പുറത്തുനിന്നും ബോംബാക്രമണം നടത്താന്‍ ഇതിന് ശേഷിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates