

അബുദാബി:ദുബൈയിൽ പിതാവിന്റെ അശ്രദ്ധമൂലം നാലു വയസുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം. കാറിനകത്ത് കിടന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. മണിക്കൂറുകളോളം കാറിനകത്ത് അകപ്പെട്ടതിനാലാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഇന്നലെ വൈകിട്ട് ഏഴരയ്ക്കായിരുന്നു ദാരുണ സംഭവം. ഷോപ്പിങ് കഴിഞ്ഞ് സാധനങ്ങളുമായി വീട്ടിലെത്തിയ പിതാവ് തന്റെ നാലു മക്കളോടു സഹായം ആവശ്യപ്പെട്ടു. കുട്ടികളെല്ലാം ചേർന്നു സാധനങ്ങൾ വീട്ടിനകത്ത് എത്തിക്കുകയും പിതാവ് ക്ഷീണിതനായതിനാൽ നേരെ മുറിയിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. മണിക്കൂറുകൾക്കു ശേഷമാണ് മറ്റുള്ളവർ നാലു വയസുകാരിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പിതാവു ചെന്നു നോക്കിയപ്പോൾ കുട്ടി കാറിന്റെ മുൻസീറ്റിൽ അവശയായി കിടക്കുന്നതാണു കണ്ടതെന്നു ദുബായ് പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദ് പറഞ്ഞു.
ദുബൈ പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു തെളിവെടുത്തു. കുട്ടികൾ വാഹനങ്ങൾക്കുള്ളിലായിരിക്കുമ്പോൾ എപ്പോഴും ജാഗ്രത പുലർത്തണമെന്നു പൊലീസ് നിർദേശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates