70 വര്‍ഷത്തെ ചരിത്രം തിരുത്തി ജിന ഹാസ്‌പെല്‍; അറിയാം സിഐഎയുടെ ആദ്യ വനിതാ ഡയറക്ടറെകുറിച്ച് 

രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി തിളങ്ങിയ കരിയര്‍, കാറ്റ്‌സ് ഐ വരുത്തിവച്ച വിവാദങ്ങള്‍, ഒടുവില്‍ ഡയറക്ടര്‍ പദവിയിലേക്ക് നടന്നടുത്ത് ജിന ഹാസ്‌പെല്‍
70 വര്‍ഷത്തെ ചരിത്രം തിരുത്തി ജിന ഹാസ്‌പെല്‍; അറിയാം സിഐഎയുടെ ആദ്യ വനിതാ ഡയറക്ടറെകുറിച്ച് 
Updated on
2 min read

70 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ)യുടെ തലപ്പത്തേക്ക് ഒരു വനിതാ മേധാവി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. സെനറ്റില്‍ 45നെതിരെ 54 വോട്ടുകളുടെ പിന്‍ബലത്തില്‍ 61കാരിയായ ജിന ഹാസ്‌പെല്‍ സിഐയുടെ ആദ്യ വനിതാ ഡയറക്ടറായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അത് രാജ്യത്തെ ഉന്നതപദവികളില്‍ സ്ത്രീസാനിധ്യം ഉറപ്പാക്കുന്നതിന്റെ സുപ്രധാന സൂചനയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിലും സെനറ്റില്‍ ഹാസ്‌പെല്‍ നേടിയെടുത്ത വിജയത്തില്‍ വലിയൊരു പങ്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഹിച്ചിട്ടുണ്ട്. 

ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ഹാസ്‌പെല്‍ 33 വര്‍ഷം സിഐഎ അംഗമായിരുന്നുകൊണ്ട് സെനറ്റര്‍മാര്‍ക്കുമുന്നില്‍ തന്റെ കഴിവുകള്‍ തെളിയിച്ചത് വോട്ടുകളില്‍ പ്രതിഫലിച്ചു എന്നുതന്നെ പറയാം. യുഎസ് തടങ്കലിലുള്ള അല്‍ഖായിദ ഭീകരരെ പീഡിപ്പിച്ചുവെന്ന ആരോപണം  നിലനില്‍ക്കുന്ന സാഹചര്യത്തിലും സെനറ്റ് അംഗങ്ങളെകൊണ്ട് അനുകൂല തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതും ഹാസ്‌പെല്‍ ഇക്കാലമത്രയും കാഴ്ചവച്ച പ്രവര്‍ത്തനമികവുതന്നെ. 

സ്റ്റാഫ് ചീഫ് മുതല്‍ ഓപറേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ വരെ 

യുഎസിലെ കെന്‍ടക്കി സ്വദേശിയായ ഹാസ്‌പെല്‍ സിഐഎയിലെ തന്റെ കരിയറിലെ ഏറിയ ഭാഗവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായാണ് പ്രവര്‍ത്തിച്ചത്. സിഐഎയിലെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഹാസ്‌പെല്‍ സിഐഎയുടെ ഡയറക്ടര്‍ സ്ഥാനം തന്നെ നേടിയെടുത്തിരിക്കുന്നത്. ഏജന്‍സിയില്‍ സ്റ്റാഫ് ചീഫ് മുതല്‍ ഓപറേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ വരെയുള്ള സ്ഥാനങ്ങള്‍ അലങ്കരിച്ചാണ് ഹാസ്‌പെല്‍ ഡയറക്ടര്‍ പദവിയിലേക്ക് നടന്നടുത്തത്. 

ഹാസ്‌പെലിനെ സിഐഎ മേധാവിയായി ചുമതലപ്പെടുത്താന്‍ അധികൃതരു തത്പരരാണെന്ന് സൂചിപിക്കുന്നതാണ് സെനറ്റ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഹാസ്‌പെലിന്റെ ഇതുവരെയുള്ള പ്രകടനങ്ങളെകുറിച്ചും വ്യക്തിജീവിതത്തെകുറിച്ചും പൂര്‍ത്തീകരിച്ച പ്രജക്ടുകളെകുറിച്ചും വിവരിച്ച സിഐഎ ഹാസ്‌പെലിന്റെ ഇതുവരെയുള്ള സിഐഎ കരിയര്‍ യാത്രയെകുറിച്ചുള്ള വിവരങ്ങളും പുറത്തുവിടുകയുണ്ടായി.  സിഐഎയുടെ പ്രഥമവനിതാ ഡയറക്ടര്‍ ആയി നാമനിര്‍ദ്ദേശംചെയ്യപ്പെട്ടതിന്റെ ക്രെഡിറ്റ് ഇക്കാലയളവില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച സഹജീവനക്കാര്‍ക്കാണ് ഹാസ്‌പെല്‍ സമര്‍പ്പിച്ചത്. 

വിവാദങ്ങള്‍ വിളിച്ചുവരുത്തിയ ഹാസ്‌പെലിന്റെ 'കാറ്റ്‌സ് ഐ' ഓപറേഷന്‍

സിഐഎയില്‍ രഹസ്വാന്വേഷണ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചുവരുന്ന കാലം. 'കാറ്റ്‌സ് ഐ' എന്ന് പേരിട്ടിരുന്ന ഒരു രഹസ്യ ഓപറേഷന്റെ ചുമതല ഹാസ്‌പെലിന്റെമേല്‍ ഏല്‍പിക്കപ്പെട്ടു. തായ്‌ലാന്‍ഡിലുള്ള യുഎസിന്റെ രഹസ്യതടവറയുടെ നടത്തിപ്പുചുമതല. 2002ലാണ് ഏജന്‍സി ഈ ചുമതല ഹാസ്‌പെലിനെ ഏല്‍പിക്കുന്നത്. എന്നാല്‍ തടവറയിലാക്കപ്പെട്ട 2001 ലെ ഭീകരാക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചുവെന്നാതാണ് പിന്നീട് ഹാസ്‌പെലിനെതിരെ ഉയര്‍ന്നുവന്ന ആരോപണം. 119 തടവുകാരെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി 2014ല്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനുപുറമേ ഇവിടെ അരങ്ങേറിയിരുന്ന അതിക്രൂരമായ പീഡനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന വീഡിയോ ടേപ്പുകള്‍ നശിപ്പിച്ചുകളഞ്ഞെന്ന ആരോപണവും ഹാസ്‌പെലിനെതിരെ സെനറ്റില്‍ ഉയര്‍ന്നുവന്നു. 

ഹാസ്‌പെലിനെ ചേര്‍ത്തുപിടിച്ച് വൈറ്റ് ഹൗസും സെനറ്റിലെ ട്രംപ് പ്രതിനിധികളും

വിവാദങ്ങള്‍ ആളികത്തുമ്പോഴും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള സെനറ്റര്‍മാരുടെയും പിന്തുണ നേടിയെടുക്കാന്‍ ഹാസ്‌പെലിന് സാധിച്ചിരുന്നു. ഹാസ്‌പെലിനെ പിന്തുണച്ചുകൊണ്ട് 53മുന്‍ ഇന്റലിജന്‍സ് ഉദ്യോഹസ്ഥര്‍  സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിക്ക് കത്തെഴുതിയതും  ഹാസ്‌പെലിന് ലഭിച്ച ശക്തമായ പിന്‍തുണയാണ്. സിഐഎ ഡയറക്ടറാകാന്‍ മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കുന്നത് ഹാസ്‌പെലിന്റെ യോഗ്യതകള്‍തന്നെയാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. സിഐഎയെ നയിക്കാന്‍ എന്തുകൊണ്ടാണ് ഹാസ്‌പെല്‍ ഏറ്റവും ഉചിതമായ സ്ഥാനാര്‍ത്ഥിയാകുന്നു എന്നത് ചൂണ്ടികാട്ടി വൈറ്റ് ഹൗസില്‍ നിന്നും വിവരണങ്ങള്‍ പുറത്തുവന്നിരുന്നു. യുഎസ് രഹസ്യാന്വേഷണ പ്രമുഖരായിരുന്ന ജോണ്‍ ബ്രെന്നാന്‍, ജെയിംസ് ക്ലാപ്പര്‍ എന്നിവര്‍ ഹാസ്‌പെലിന് അനുകൂലമായി സംസാരിക്കുന്നത് ഈ വിവരണങ്ങളില്‍ കാണാന്‍ സാധിക്കും.  ക്ലാപ്പര്‍ ഹാസ്‌പെലിനെ കേപ്പബിള്‍, സ്മാര്‍ട്ട്, വെരി എക്‌സ്പീരിയന്‍സിഡ്, വെല്‍ റെസ്‌പെക്റ്റഡ് എന്നിങ്ഹനെ വിശേഷിപ്പിച്ചപ്പോള്‍ ഹാസ്‌പെലിന്റെ പ്രവര്‍ത്തിപരിചയവും രഹസ്യാന്വേഷണ വിഷയങ്ങളെകുറിച്ച് ആഴത്തിലുള്ള ഗ്രാഹ്യവും ബ്രെന്നാന്‍ എടുത്തുപറയുകയുണ്ടായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com