ന്യൂയോർക്ക്: അവസാന ഘട്ട പരീക്ഷണങ്ങൾക്കൊടുവിലും തങ്ങളുടെ കോവിഡ് വാക്സിൻ 95% ഫലപ്രദമാണെന്ന് അമേരിക്കൻ കമ്പനിയായ ഫൈസർ. വാക്‌സിനിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് അവകാശപ്പെട്ട കമ്പനി ഉടനെ തന്നെ യുഎസ് റെഗുലേറ്ററിൽ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
മുതിർന്നവരിലും വാക്സിൻ ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു. എട്ടുമാസത്തോളം നീണ്ട വാക്സിൻ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് എന്ന് ഫൈസർ വക്താവ് പറഞ്ഞു. ജർമ്മൻ പങ്കാളിയായ ബയോ എൻടെക് എസ്ഇയ്‌ക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ ഫലപ്രാപ്തി ഏതു പ്രായത്തിലുള്ളവരിലും സ്ഥിരത പുലർത്തുന്നുണ്ടെന്നും വലിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസർ പറഞ്ഞു.
65 വയസ്സിനു മുകളിലുള്ളവരിലും വാക്സിൻറെ കാര്യക്ഷമത, 94% ത്തിൽ കൂടുതലാണെന്നാണ് ഫൈസറിന്റെ അവകാശ വാദം. പരീക്ഷണത്തിന്റെ ഭാഗമായ 43,000 വോളന്റിയർമാരിൽ 170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 162 പേർക്ക് വാക്‌സിൻ എന്ന പേരിൽ മറ്റ് വസ്തുവാണ് നൽകിയത്. വാക്‌സിൻ എടുത്ത എട്ട് പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.
മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രണ്ട് വാക്സിനുകൾ വികസിപ്പിച്ചെടുത്തത്. രണ്ട് വാക്സിനുകളിൽ നിന്നും പ്രതീക്ഷിച്ചതിലും മികച്ച ഡാറ്റ, ആഗോളതലത്തിൽ 13 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട കോവിഡിൽനിന്ന് ഉറച്ച പ്രതിരോധമൊരുക്കുമെന്നാണ് ഫൈസറിൻറെയും അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates