

ടെഹ്‌റാന്‍: ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേല്‍. ടെഹ്റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി (Ali Shadmani) കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്.
ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോറിന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.
അതേസമയം, ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ താസ്നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.
'അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടും, സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവിലെ മൊസാദ് ആസ്ഥാനവും ഐആര്‍ജിസി ആക്രമിച്ചു' റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates