18 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കുഞ്ഞ് ക്ലിയോ മാതാപിതാക്കൾക്കരികിൽ തിരിച്ചെത്തി. വെസ്റ്റ് ഓസ്‌ട്രേലിയയിൽ നിന്ന് കഴിഞ്ഞ മാസമാണ് ജാക്ക്, ഏലി ദമ്പതിമാരുടെ മകളായ നാല് വയസുകാരി ക്ലിയോ സ്മിത്തിനെ കാണാതായത്. ഓരോ ദിവസം കഴിയുമ്പോഴും ഭയവും ആശങ്കയും വർധിച്ചുരുന്നു. ക്ലിയോയെ പോറലൊന്നുമില്ലാതെ തിരിച്ചുകിട്ടണേ എന്ന് പ്രാർത്ഥിക്കാത്ത ഒരാളുപോലും ഓസ്‌ട്രേലിയയിൽ ഇല്ലായിരുന്നു. നൂറിലധികം ഉദ്യോഗസ്ഥരെ നിയോഗിച്ച് നടത്തിയ തിരച്ചിൽ ഒടുവിൽ ഫലം കണ്ടു.
ടെന്റ് തുറന്ന് തട്ടിക്കൊണ്ട് പോയി
പെർത്ത് നഗരത്തിൽ നിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള അവധിക്കാല ക്യാമ്പിൽ ക്ലിയോയും കുടുംബവും താമസിച്ചിരുന്ന ടെന്റ് തുറന്ന് ആരോ കുട്ടിയെ തട്ടിക്കൊണ്ട് പോയതാണ്. തൊട്ടടുത്ത ദിവസമാണ് ഇക്കാര്യം മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ കുട്ടിയെ കാണാനില്ലെന്ന വിവരം ഇവർ പൊലീസിനെ അറിയിച്ചു. രാവിലെ ആറ് മണിക്ക് എണീറ്റ് നോക്കുമ്പോൾ ടെന്റ് തുറന്നിരിക്കുന്നത് കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ ഏലി വിശദീകരിച്ചു. തന്റെ മകളെ കണ്ടെത്താൻ സഹായിക്കണമെന്ന ഏലിയുടെ അഭ്യർഥനയ്ക്ക് വലിയ പിന്തുണയാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്.
അവൾ പറഞ്ഞു 'എന്റെ പേര് ക്ലിയോ'
കർനാർവൺ എന്ന തീരദേശ പട്ടണത്തിൽ ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടിൽ നിന്നാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ കണ്ടപ്പോൾ അവളെ കോരിയെടുത്ത പൊലീസുകാരൻ പേരെന്തെന്ന് ചോദിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു "എന്റെ പേര് ക്ലിയോ". സമൂഹമാധ്യമങ്ങളിലുടെ ആശ്വാസവാർത്ത പങ്കുവച്ചപ്പോൾ ഏലിയുടെ മുഖത്തും വാക്കുകളിലും തന്റെ മകളെ തിരിച്ച് കിട്ടിയതിന്റെ സന്തോഷം മാത്രമായിരുന്നു. ക്ലിയോയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷം ഏലി കുറിച്ചു- ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുന്നു.
36കാരൻ കസ്റ്റഡിയിൽ
ചിരിക്കുന്ന ക്ലിയോയുടെ ചിത്രമടങ്ങുന്ന സന്ദേശം ഫോണിൽ കണ്ട നിമിഷമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ സംഭവത്തെ കുറിച്ച് തീർച്ചയായും ഭാവിയിൽ സിനിമകൾ ഇറങ്ങും. രാജ്യത്തെ ഇത്രയും നല്ല ഒരു വാർത്ത അറിയിക്കുന്നതിലും വലിയ എന്ത് സന്തോഷമാണുള്ളതെന്നും, വെസ്റ്റ് ഓസ്‌ട്രേലിയൻ മുഖ്യമന്ത്രി മാർക് മക്‌ഗോവൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തു. ക്ലിയോയെ മാതാപിതാക്കൾക്ക് കൈമാറിയ ശേഷം വൈദ്യസംഘം നിരീക്ഷിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates