പാരിസ് : ഫ്രാന്‍സിലെ സര്‍ക്കാര്‍ പ്രീസ്‌കൂളുകളിലും പ്രൈമറി സ്‌കൂളുകളിലുമായി രാജ്യത്തെ ഞെട്ടിച്ച ബാലപീഡന പരമ്പര. നൂറുകണക്കിന് ബാലപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികളടക്കം പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതികളില്‍ അന്വേഷണം ശക്തമാക്കി പാരിസ് പൊലിസ്.
പാരിസിലെ 84 പ്രീ സ്‌കൂളുകള്‍, 20 പ്രൈമറി സ്‌കൂളുകള്‍, 10 ല്‍ അധികം ഡേകെയര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് അന്വേഷണം നടക്കുന്നതെന്ന് പാരിസിലെ പ്രമുഖ പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കോ വെളിപ്പെടുത്തി. സ്‌കൂളുകളിലെ ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും കുട്ടികളെ പരിപാലിക്കുന്ന സ്‌കൂള്‍ മോണിറ്റര്‍മാരാണ് മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കുട്ടികളെ മര്‍ദിക്കുക, തലമുടി വലിച്ചിഴക്കുക, ഭീഷണിപ്പെടുത്തുക, ഭക്ഷണം നിഷേധിക്കുക, ചര്‍ദിക്കുന്നതുവരെ ഭയപ്പെടുത്തി ഭക്ഷണം കഴിപ്പിക്കുക എന്നിവയുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ചില കേസുകളില്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
സ്‌കൂളിനകത്തേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ച് ഒരു മൂന്നുവയസുകാരന്‍ ഗേിറ്റിനു മുന്നില്‍ നിന്നും കരഞ്ഞ സംഭവത്തെത്തുടര്‍ന്നുള്ള അന്വേഷണമാണ് പീഡന പരമ്പരകളുടെ കെട്ടഴിച്ചത്. ഈ കുട്ടിയും സ്‌കൂള്‍ മോണിറ്ററുടെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. മൂന്നു വയസ് പ്രയമുള്ള പെണ്‍കുട്ടിയും സമാനമായി പീഡിപ്പിക്കപ്പെട്ടെന്ന് അഭിഭാഷകര്‍ പറഞ്ഞു.
പ്രാദേശിക ഭരണകൂടങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ മോണിറ്റര്‍മാരെ നിയമിക്കുന്നത്. ആവശ്യമായ പരിശീലനമോ യോഗ്യതയോ ഇല്ലാതെ താത്കാലികാടിസ്ഥാനത്തില്‍ നിയമനങ്ങളുണ്ടായതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് വിമര്‍ശനമുണ്ടായിരുന്നു.
ഇതിനോടകം 78 സ്‌കൂള്‍ മോണിറ്റര്‍മാരെ സസ്‌പെന്റ് ചെയ്തതായി പാരിസ് നഗരസഭ അറിയിച്ചു. ഇവരില്‍ 31 പേര്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമന പ്രക്രിയ കര്‍ശനമാക്കുമെന്നും പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും പാരിസ് മേയര്‍ ഇമ്മാനുവല്‍ ഗ്രിഗ്വാര്‍ പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates