

ബെയ്‌ജിങ്ങ്: ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും സാമ്പിൾ ശേഖരിച്ചു കൊണ്ടുവരികയെന്ന ദൗത്യത്തിനായി ചൈന അയച്ച ആളില്ലാ പേടകം വിജയകരമായി ചന്ദ്രന്റെ നിലം തൊട്ടു. ചന്ദ്രനിൽനിന്നു മണ്ണും പാറക്കല്ലുകളും ശേഖരിച്ചു കൊണ്ടുവരാനാണ് ചാങ്–ഇ5 അയച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
ചരിത്രപരമായ ദൗത്യത്തിൽ ചൊവ്വാഴ്ച രാജ്യം വിജയിച്ചെന്നു ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷനെ (സിഎൻഎസ്എ) ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. നവംബർ 24നാണ് പേടകം വിക്ഷേപിച്ചത്.
പുരാതന ചൈനീസ് ദേവതയുടെ പേരാണ് ദൗത്യത്തിന് നൽകിയിരിക്കുന്നത്. യുഎസിനും സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകാനാണ് ചൈനയുടെ ലക്ഷ്യം. 1970കൾക്കു ശേഷം ഇതാദ്യമായാണു ചന്ദ്രോപരിതലത്തിൽനിന്നു മണ്ണും പാറയും ശേഖരിക്കാൻ ശ്രമം നടക്കുന്നത്. ചന്ദ്രന്റെ ഉത്ഭവം, ചന്ദ്രനിലെ അഗ്നിപർവതങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ പഠിക്കുന്നതിന് പാറ കഷ്ണങ്ങളും മണ്ണും പേടകം ശേഖരിക്കും. 2 കിലോഗ്രാം പാറക്കഷണങ്ങൾ ശേഖരിക്കാനാണു പദ്ധതി.
2022 ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates