ലണ്ടൻ: നായകൾക്ക് കോവിഡ് ബാധിതരെ കണ്ടെത്താൻ 90 ശതമാനത്തിലധികം സാധിക്കുമെന്ന് പുതിയ പഠനം. പ്രത്യേക പരിശീലനം നൽകുന്ന നായ്ക്കളാണ് രോഗം കണ്ടെത്തുകയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയും നായയ്ക്ക് തിരിച്ചറിയാൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.
ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ. നായകളും കോവിഡ് പരിശോധനയും സംബന്ധിച്ച വിഷയത്തിലായിരുന്നു സംഘം പഠനം നടത്തിയത്. സെക്കൻഡുകൾ കൊണ്ട് രോഗമുണ്ടോ എന്ന് ഇവ കണ്ടെത്തുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്ത വ്യക്തിയുമായി ബന്ധപ്പെട്ട കെമിക്കൽ സംയുക്തങ്ങളിൽ നിന്ന് പ്രത്യേക ഗന്ധം തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നുണ്ടോയെന്നാണ് പരീക്ഷിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളുടെ മാസ്ക്, വസ്ത്രങ്ങൾ എന്നിവ ഇതിനായി ഗവേഷകർ ശേഖരിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെ ഇരുന്നൂറോളം സാമ്പിളുകളും. പിന്നീട് ഇവ ഒരു ലാബോറട്ടറിയിൽ ക്രമീകരിച്ചു. ആറ് നായകളെയാണ് ഗന്ധ പരിശോധനയ്ക്കായി ഗവേഷകർ നിയോഗിച്ചത്.
ആറെണ്ണവും സാർസ്കോവ് 2 സാമ്പിളുകൾ തിരിച്ചറിയുന്നതിൽ വിജയിച്ചതായി ഗവേഷകർ അവകാശപ്പെട്ടു. രോഗ ലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് ബാധയുണ്ടോയെന്ന് വേഗത്തിൽ കണ്ടെത്താൻ ആർടിപിസിആർ പരിശോധനയ്ക്കൊപ്പം ഇതും ഫലപ്രദമാണെന്നാണ് തങ്ങളുടെ ഗവേഷണ ഫലം സൂചിപ്പിക്കുന്നതെന്നും ഗവേഷകർ പറയുന്നു.
നായകൾ വളരെ വേഗതയുളളവരാണ്. നായ്ക്കളെ ആദ്യം സ്ക്രീനിങ് നടത്തണം അതിൽ പോസിറ്റീവാകുന്നവർക്ക് പിസിആർ പരിശോധന നടത്തണം എന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്ന് പഠന സംഘത്തിലെ അംഗമായ ജെയിംസ് ലോഗൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates