വാഹനാപകടത്തില്‍ പരിക്കോ ജീവഹാനിയോ സംഭവിച്ചാല്‍ ഡ്രൈവര്‍ തടവിലാകും; യുഎഇയില്‍ ഗതാഗത നിയമങ്ങളില്‍ അടിമുടി മാറ്റം

ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതും ശിക്ഷാര്‍ഹമാണ്
Drastic changes to traffic laws in UAE
യുഎഇ
Updated on
1 min read

ദുബായ്: യുഎഇയില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങള്‍ ഈ മാസം 29 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം ലഹരി അടങ്ങിയ മറ്റ് വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് ഗുരുതര ഗതാഗത നിയമ ലംഘനമാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ അപകടത്തില്‍ പരിക്കോ ജീവഹാനിയോ സംഭവിച്ചാല്‍ ഡ്രൈവര്‍ തടവിലാകുകയും ചെയ്യും.

ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. വാഹനവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതര നിയമ ലംഘനമാണ്. ട്രാഫിക് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പേരും വിലാസവും നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും അറസ്റ്റിലാകും. അപകടമുണ്ടാക്കി ഒളിച്ചോടാന്‍ ശ്രമിച്ചാലും പൊലീസ് പരിശോധനയില്‍ നിന്നു കടന്നുകളയാന്‍ ശ്രമിച്ചാലും അറസ്റ്റ് ഉണ്ടാവും. അനുവാദമില്ലാത്ത ഇടങ്ങളില്‍ കൂടി റോഡ് കുറുകെ കടന്നാല്‍ കുടുങ്ങും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗ പരിധിയുള്ള റോഡുകള്‍ മുറിച്ചു കടക്കാന്‍ പാടില്ല.

രാജ്യം അംഗീകരിക്കാത്ത ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍ ആദ്യഘട്ടത്തില്‍ 2000-10,000 ദിര്‍ഹമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസത്തില്‍ കുറയാത്ത തടവും 5000-50000 ദിര്‍ഹം പിഴയും ലഭിക്കും. ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവില്‍ കഴിയണം. 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ.

വാഹനാപകടത്തില്‍ മരണമുണ്ടായാല്‍ ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹം പിഴയും തടവുമാണ് പിഴ.റെഡ് സിഗ്‌നല്‍ മറികടന്നുണ്ടായ അപകടത്തിലാണ് മരണമെങ്കില്‍ ഡ്രൈവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് പിഴ. ഒരുവര്‍ഷം തടവും. ലഹരി ഉപയോഗിച്ചുള്ള അപകടത്തിലും ഇത്രയും പിഴയുണ്ട്.

കേടുപാടുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാനും പുതിയ നിയമം നിര്‍ദേശിക്കുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ റോഡില്‍ ഇറക്കരുത്. ബ്രേക്ക്, ലൈറ്റുകള്‍ തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണം. അല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും.

ഇത്തരത്തില്‍ രണ്ടു തവണ പിടിക്കപ്പെട്ടാല്‍ വാഹനം പിടിച്ചെടുക്കും. വാഹനം വിട്ടുകിട്ടാന്‍ അസ്സല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം. അതേസമയം, ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍, വാഹനം ഉടന്‍ തിരികെ ലഭിക്കില്ല. നിയമ നടപടികള്‍ക്ക് ശേഷം ഉടമയ്‌ക്കോ അദ്ദേഹം ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ലൈസന്‍സുള്ള വ്യക്തിക്കോ ആണ് വാഹനം വിട്ട് നല്‍കുക.

വാഹനത്തിന്റെ സാങ്കേതിക സംവിധാനം, നിറം, എന്‍ജിന്‍, ശബ്ദം എന്നിവയില്‍ അധികൃതരുടെ അനുമതി കൂടാതെ മാറ്റം വരുത്തിയാലും വാഹനം പിടിച്ചെടുക്കും. വാഹനം ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ഉടന്‍ പിടിച്ചെടുത്ത് തൊണ്ടിമുതലായി കോടതിക്കു കൈമാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com