ദുബൈ: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ അവബോധം വളർത്താൻ ദുബൈ പൊലീസ് പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് വിഭാഗം വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിലൂടെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ സാധിക്കും. അറബിക്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്.
തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാൻ സാധിക്കുമെന്നും പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും. https://ecrimehub.gov.ae/ar എന്ന ലിങ്ക് ഉപയോഗിച്ച് ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. സൈബർ സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനും പൊതുജനസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബൈ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ നിർദേശപ്രകാരമാണ് സംവിധാനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അടിസ്ഥാന ഡിജിറ്റൽ സുരക്ഷാരീതികൾ,സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, മറ്റു സ്മാർട്ട് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കേണ്ട വിധം, സുരക്ഷിത ബ്രൗസിങ് സാങ്കേതിക വിദ്യകൾ, ഓൺലൈൻ തട്ടിപ്പ് തടയൽ എന്നിങ്ങനെ വിശദമായ വിവരങ്ങൾ ദുബൈ പൊലീസ് വികസിപ്പിച്ച പ്ലാറ്റ്ഫോം വഴി ലഭിക്കും.
വിനോദസഞ്ചാരികൾ, സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവർക്കുള്ള ഡിജിറ്റൽ സുരക്ഷയ്ക്കും ഭാവിയിലെ അപകടസാധ്യത കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദേശങ്ങളും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
