

വാഷിങ്ടണ്‍: ഭൂമിയുടെ അവസാനം പ്രതീക്ഷിച്ചതിലും നേരത്തെയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞരുടെ പ്രവചനം. ഏകദേശം നൂറ് കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയുടെ അന്തരീക്ഷം വാസയോഗ്യമല്ലാതെയാകുമെന്നാണ് ഗവേഷണ മോഡലുകളുടെ പ്രവചനം.
പ്രായം കൂടുംതോറും സൂര്യന്‍ കൂടുതല്‍ ചൂടും വികിരണങ്ങളും പുറത്തുവിടുമെന്നും തത്ഫലമായി ഭൂമി ചുട്ടുപൊള്ളുന്ന ജീവനില്ലാത്ത ഇടമായി മാറുമെന്നും പഠനം പറയുന്നു. ഈ പഠനമനുസരിച്ച് സമുദ്രങ്ങള്‍ വരണ്ടുണങ്ങും, ഓക്സിജന്‍ ഇല്ലാതാവും, സൂക്ഷ്മജീവികള്‍ക്ക് പോലും അതിജീവിക്കാനാകാതെ വരുമെന്നും പഠനത്തില്‍ കണ്ടെത്തി.
അത്യാധുനിക സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നാസ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ 'ദി ഫ്യൂച്ചര്‍ ലൈഫ് സ്പാന്‍ ഓഫ് എര്‍ത്ത്സ് ഓക്സിജനേറ്റഡ് അറ്റ്മോസ്ഫിയര്‍' എന്ന പഠനത്തിലാണ് നിരീക്ഷണം.
മുന്‍ പഠനങ്ങള്‍ ഭൂമിയുടെ ജൈവമണ്ഡലത്തിന് ഏകദേശം 200 കോടി വര്‍ഷത്തെ ആയുസ്സാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, 400,000-ലധികം കമ്പ്യൂട്ടര്‍ മോഡലുകളെ അടിസ്ഥാനമാക്കിയ പുതിയ സിമുലേഷനുകള്‍ പ്രകാരം ഇത്രയും ആയുസ് ഭൂമിക്കില്ലെന്നാണ് പറയുന്നത്. സൂര്യന്റെ പ്രകാശ തീവ്രതയുടെ അടിസഥാനത്തിലാണ് ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ് പ്രവചിക്കപ്പെടുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കസുമി ഒസാക്കി വ്യക്തമാക്കി.
ഈ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍, വിദൂര ഭാവിയില്‍ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ക്രമേണ കുറയാന്‍ തുടങ്ങും. ഭൂമിയിലെ ജീവന്‍ ഒറ്റയടിക്ക് ഇല്ലാതാകില്ല. പകരം, ഓക്സിജന്റെ അളവ് പതുക്കെ കുറഞ്ഞ്, സൂക്ഷ്മജീവികള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയിലേക്ക് എത്തും. ഒടുവില്‍, സൂക്ഷ്മജീവികളും പൂര്‍ണമായി അപ്രത്യക്ഷമാകുമെന്നാണ് കണ്ടെത്തല്‍.
ഈ ദീര്‍ഘകാല പ്രക്രിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സൗര കൊടുങ്കാറ്റുകളും കൊറോണല്‍ മാസ് ഇജക്ഷനുകളും ഉള്‍പ്പെടെയുള്ള സൗര പ്രവര്‍ത്തനങ്ങളുടെ വര്‍ധന ഭൂമിയുടെ കാന്തികക്ഷേത്രത്തെയും അന്തരീക്ഷത്തെയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ താപനിലയിലെ വര്‍ധന, മഞ്ഞുരുകല്‍ തുടങ്ങിയവയെല്ലാം ഭൂമിയുടെയും ജീവജാലങ്ങളുടെയും ആയുസിനെ സ്വാധീനിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
