

ഗ്വായാക്കിൽ: മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മരണത്തെക്കുറിച്ചും പള്ളിയിൽ പ്രസംഗിച്ച് നിമിഷങ്ങൾക്കകം അൾത്താരയ്ക്ക് പിന്നിൽ തൂക്കിയിട്ടിരുന്ന ഭീമൻ കുരിശുരൂപം തലയിലേക്ക് ഇളകിവീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വായാക്കിലിലുള്ള ചർച്ച് ഓഫ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ദേവാലയത്തിലെ വികാരിയായ ഫാദർ പാട്രിസിയോ അൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു സംഭവം.
കുർബാനയുടെ തത്സമയ സംപ്രേഷണത്തിനിടെയാണ് സംഭവം അരങ്ങേറിയത്. അൾത്താരയിൽ വിശ്വാസികൾക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥിക്കുകയായിരുന്ന ഫാദർ മൊളിനാരിയുടെ പിന്നിലെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ തടികൊണ്ടുള്ള കുരിശ് അപ്രതീക്ഷിതമായി ഇളകി വീഴുകയായിരുന്നു. പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നിന്ന വൈദികന്റെ തലയുടെ പിൻഭാഗത്താണ് കുരിശ് ശക്തമായി പതിച്ചത്. കുരിശടിയേറ്റ് നിലത്തുവീണ വൈദികൻ പിന്നീട് എഴുന്നേറ്റില്ല.
സംഭവം കണ്ട് ഭയന്നുവിറച്ച വിശ്വാസികൾ നിലവിളിച്ചുകൊണ്ട് അൾത്താരയിലേക്ക് ഓടിയെത്തുകയും ഉടൻ തന്നെ ആംബുലൻസ് വിവരമറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ദുരന്തദൃശ്യങ്ങൾ അടങ്ങിയ ലൈവ് സ്ട്രീമിങ് വീഡിയോ പിന്നീട് അധികൃതർ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
മരണത്തിന് തൊട്ടുമുമ്പ് മനുഷ്യായുസ്സിന്റെ നശ്വരതയെക്കുറിച്ചായിരുന്നു ഫാദർ മൊളിനാരി പ്രസംഗിച്ചിരുന്നത്. സ്മാർട്ട്ഫോണുകളിൽ സമയം പാഴാക്കാതെ ദൈവത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം കൂടുതൽ സമയം ചിലവഴിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. "ഒരു ദിവസം നമ്മളെല്ലാവരും മരിക്കും, വ്യർത്ഥമായ കാര്യങ്ങൾക്കായി ചിലവഴിക്കുന്ന സമയത്തിന് വലിയ അർത്ഥമില്ല, എന്നാൽ ദൈവത്തോടൊപ്പം ചിലവഴിക്കുന്ന സമയത്തിനാണ് വിലയുള്ളത്" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വാക്കുകൾക്ക് ശേഷം സദസ്സിലുള്ളവരെ അനുഗ്രഹിക്കാനായി പ്രാർത്ഥന ആരംഭിച്ച ഉടനെയായിരുന്നു പിന്നിലെ ഭിത്തിയിൽ നിന്ന് കുരിശുരൂപം ഇളകി വീണത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates