

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഇന്ന് തുടങ്ങുമ്പോള്‍ വെള്ളപ്പുക ഉയരാന്‍ കാത്തിരിക്കുകയാണ് ലോകം. 800 വര്‍ഷങ്ങള്‍ക്കധികം പഴക്കമുള്ള രീതിയാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്നും തുടരുന്നത്. അതീവ രഹസ്യമായി നടക്കുന്ന പോപ്പ് തിരഞ്ഞെടുപ്പ് രീതിയിലെ തീരുമാനങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നതിനും അതിന്റേതായ മാര്‍ഗമുണ്ട്.
പോപ്പ് തെരഞ്ഞെടുപ്പ് നടപടികളുടെ വേദിയായ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുയരുന്ന പുകയുടെ നിറമാണ് തീരുമാനങ്ങളുടെ പുരോഗതി അറിയിക്കുന്നത്. ചാപ്പലില്‍ നിന്നും കറുത്ത പുക ഉയര്‍ന്നാല്‍ പോപ്പ് ആരെന്ന് തീരുമാനം ആയില്ലെന്ന് സാരം. അതിനാലാണ് സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുള്ള വെള്ള പുകയ്ക്കായി ലോകം കാത്തിരിക്കുന്നത്.
പോപ്പ് തെരഞ്ഞെടുപ്പ് വീണ്ടും ആരംഭിക്കുമ്പോള്‍ പുകയുടെ ചരിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. എങ്ങനെയാണ് പുകയുടെ നിറം നിശ്ചയിക്കുന്നത്? എങ്ങനെയാണ് പുകയിലൂടെ സന്ദേശം കൈമാറുന്ന രീതി ആരംഭിച്ചത്?
പുകയുടെ നിറങ്ങളിലുടെ സന്ദേശം കൈമാറുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകട മുന്നറിയിപ്പ്, യോഗം വിളിച്ചു ചേര്‍ക്കല്‍, ശത്രു സാന്നിധ്യം അറിയിക്കല്‍ തുടങ്ങിയ വിവിധ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ പുക ഉപയോഗിച്ചുള്ള സന്ദേശ കൈമാറ്റം സാധ്യമാക്കാറുണ്ട്. വടക്കേ അമേരിക്ക, തെക്കന്‍ അമേരിക്ക, ചൈന, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശത്തെ ഗോത്ര ജനതകള്‍ ഇത്തരത്തില്‍ പുക ഉപയോഗിച്ചുള്ള ആശയ വിനിമയ രീതികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. മലമുകളിലെ തീയുടെ സ്ഥാനം, പുകയുടെ നിറം, ഇടവേളകള്‍ തുടങ്ങിയവും സന്ദേശങ്ങളില്‍ പ്രധാനമാണ്.
കുന്തിരിക്കം ഉള്‍പ്പെടെയുള്ള സുഗന്ധ ദ്രവ്യങ്ങള്‍ കത്തോലിക്ക വിഭാഗങ്ങളുടെ ചടങ്ങുകളുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. ബൈബിളില്‍ ഉള്‍പ്പെടെ ഇവയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യഹൂദ ആചാരങ്ങളില്‍ നിന്നും ഗ്രീക്ക് രീതികളില്‍ നിന്നുമാണ് കത്തോലിക്കരിലേക്ക് പാരമ്പര്യം കൈമാറ്റം ചെയ്യപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ എല്ലാ മതപരമായ ചടങ്ങുകളിലും സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പുകയുടെ ഉപയോഗം പതിവാണ്.
പോപ്പിനെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും പുറം ലോകവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഏക മാര്‍ഗ്ഗം സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ പുറത്തുവരുന്ന പുകയിലൂടെ ആയിരിക്കും. രഹസ്യ ബാലറ്റുകള്‍ കത്തിച്ചു പുറ ഉയര്‍ത്തുന്ന രീതി 1417 മുതല്‍ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ 18-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇപ്പോഴുള്ള ചിമ്മിനി സ്ഥാപിക്കപ്പെട്ടത്.
കോണ്‍ക്ലേവില്‍ നിശ്ചിത സമയങ്ങളില്‍ പുക പ്രത്യക്ഷപ്പെടുന്നത് പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. പുകയുടെ അഭാവം പുതിയ പോപ്പ് ചര്‍ച്ചകളുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. 1914 മുതല്‍, വെളുത്ത പുക പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു.
1904-ല്‍, പയസ് പത്താമനെ പോപ്പായി തെരഞ്ഞെടുത്ത കോണ്‍ക്ലേവ് മുതലാണ് കര്‍ദ്ദിനാള്‍മാരുടെ കുറിപ്പുകള്‍ ബാലറ്റുകള്‍ക്കൊപ്പം കത്തിച്ചുകളയുന്ന രീതി നിലവില്‍ വന്നത്. കുറിപ്പുകള്‍ കത്തിക്കുന്നത് പുകയുടെ അളവ് വര്‍ദ്ധിപ്പിച്ചു. 1914-ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പുക പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയും വിധം വ്യക്തമായിരുന്നു. എന്നാല്‍ വെളുത്ത പുക ഉയരുന്നതിന് മുന്‍പ് കറുത്ത പുക ഉയരുന്ന സാഹചര്യം പലഘട്ടത്തിലും ആശയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു.
ഈ സാഹചര്യം ഒഴിവാക്കാന്‍ ചില രാസ വസ്തുക്കള്‍ പിന്നീട് ഉപയോഗിപ്പെട്ടു. 2013-ല്‍, കറുപ്പും വെളുപ്പും പുക സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന രാസ മിശ്രിതങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. കറുത്ത പുക ഉത്പാദിപ്പിക്കാന്‍, സള്‍ഫര്‍ ഇന്ധനമാക്കിയ പൊട്ടാസ്യം പെര്‍ക്ലോറേറ്റും ആന്ത്രാസീനുമാണ് ഉപയോഗിക്കുന്നത്. വെളുത്ത പുക ഉത്പാദിപ്പിക്കാന്‍, പൊട്ടാസ്യം ക്ലോറേറ്റ്, പാല്‍ പഞ്ചസാര, പൈന്‍ റോസിന്‍ എന്നിവ കത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates