

വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇമെയില്‍ സന്ദേശങ്ങളാണ് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്. ജെഫ്രി എപ്സ്റ്റീന്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. എപ്സ്റ്റീനെതിരെ അന്വേഷണം നടത്തുന്ന യുഎസ് പ്രതിനിധി സഭയുടെ മേല്‍നോട്ട സമിതിയില്‍ നിന്നാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2011-ല്‍ തന്റെ കൂട്ടാളിയായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന് അയച്ച സന്ദേശമാണ് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനം. ലൈംഗിക കടത്തിന്റെ ഇരകളില്‍ ഒരാളോടൊപ്പം ട്രംപ് 'എന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു' എന്നാണ് മെയിലുകളില്‍ ഒന്നിന്റെ ഉള്ളടക്കം. ലൈംഗിക വൃത്തിക്കായി പെണ്‍കുട്ടികളെ കൊണ്ടുവന്നത് ഉള്‍പ്പെടുന്നതുള്‍പ്പെടെയുള്ള മനുഷ്യക്കടത്ത് കടത്ത് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 20 വര്‍ഷത്തെ തടവ് അനുഭവിക്കുന്ന വ്യക്തിയാണ് ഗിസ്ലെയ്ന്‍ മാക്സ്വെല്‍. ട്രംപിന്റെ ജീവചരിത്രകാരന്‍ മൈക്കല്‍ വുള്‍ഫിന് എപ്സ്‌റ്റൈന്‍ 2011 ഏപ്രിലില്‍ അയച്ച ഇമെയിലാണ് മറ്റൊന്ന്. ഫ്‌ലോറിഡയിലെ ട്രംപിന്റെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബായ മാര്‍-എ-ലാഗോയില്‍ നിന്ന് രാജിവയ്ക്കാന്‍ ട്രംപ് തന്നോട് ആവശ്യപ്പെട്ടെന്ന് എപ്സ്റ്റീന്‍ സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ സന്ദേശം.
ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് സിഎന്‍എന്‍ വിവരങ്ങള്‍ തേടിയേക്കുമെന്ന് മൈക്കല്‍ വൂള്‍ഫ് അറിയിക്കുന്നതാണ് മറ്റൊന്ന് 2015 ഡിസംബര്‍ 15 ന് എപ്സ്റ്റീന് അയച്ച ഇമെയിലില്‍ വോള്‍ഫ് പറയുന്നു, ട്രംപ് 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ആറ് മാസത്തിന് ശേഷമാണ് ഈ ആശയവിനിമയം.
എന്നാല്‍, ആരോപണങ്ങള്‍ തള്ളി വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഒരു വ്യാജ വിവരങ്ങൾ ഡെമോക്രാറ്റുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ആരോപിച്ചു. 'ഈ ഇമെയിലുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന 'പേര് വെളിപ്പെടുത്താത്ത ഇര' പരേതയായ വിര്‍ജീനിയ ഗിയുഫ്രെ ആണെന്നും വിഷയത്തില്‍ ട്രംപ് കുറ്റക്കാരനല്ലെന്ന് ഇവര്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു. ട്രംപിന്റെ നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ജനത ആരോപണങ്ങള്‍ തള്ളിക്കളയുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates