വാഷിങ്ടണ്‍: ഗൂഗിളിന്റെ നൂതന സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ മോഷ്ടിച്ചതിന് ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഗൂഗിളിന്റെ മുന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എഞ്ചിനീയറായിരുന്നു ഇയാള്‍.
ചൈനയില്‍ സ്വന്തം കമ്പനി സ്ഥാപിക്കാനാണ് ഇയാള്‍ ഗൂഗിളിന്റെ സാങ്കേതിക വിദ്യ മോഷ്ടിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ലിയോണ്‍ ഡിങ്(38)ആണ് അറസ്റ്റിലായത്. നാല് വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ഇയാളെ കാലിഫോര്‍ണിയയിലെ നെവാര്‍ക്കില്‍ തടവിലാക്കി.
''രാജ്യത്തിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മറ്റ് നൂതന സാങ്കേതികവിദ്യകളുടെയും മോഷണം നീതിന്യായ വകുപ്പ് വെച്ചുപൊറുപ്പിക്കില്ല'' യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡ് പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ലിയോണ്‍ ഡിങ്ങിന് പരമാവധി 10 വര്‍ഷം തടവും ഒരു മില്യണ്‍ യുഎസ് ഡോളര്‍ വരെ പിഴയും ലഭിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച്, 2019 ല്‍ ഗൂഗിള്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ലിയോണ്‍ ഡിങ് നിയമിക്കുകയും കമ്പനിയുടെ സൂപ്പര്‍കമ്പ്യൂട്ടിംഗ് ഡാറ്റാ സെന്ററുകളില്‍ ജോലി ചെയ്യുകയും ചെയ്തു. ഗൂഗിളിന്റെ ക്ലയന്റുകള്‍ക്കായി മെഷീന്‍ ലേണിങ്ങിന്റെയും എഐ ആപ്ലിക്കേഷനുകളുടെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്ന ടീമിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
2022 മെയ് മാസത്തില്‍ ഒരു സ്വകാര്യ ഗൂഗിള്‍ ക്ലൗഡ് അക്കൗണ്ടിലേക്ക് ലിയോണ്‍ ഗൂഗിളിന്റെ രഹസ്യ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയെന്നും 2023 മെയ് മാസത്തോടെ 500 ഫയലുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ജനുവരി ആറിന് ഡിങ്ങിന്റെ വസതിയില്‍ എഫ്ബിഐ പരിശോധന നടത്തുകയും ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
