ലണ്ടൻ: ബ്രിട്ടനിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തേതെന്ന് കരുതപ്പെടുന്ന ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തി. 110 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറുകളുടെ കാൽപ്പാടുകളാണ് ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയത്. ആറ് ഇനങ്ങളിലുള്ള ദിനോസറുകളുടെ കാലടിപ്പാടുകളാണ് ഇവയെന്നാണ് നിഗമനം.
കെന്റിലെ ഫോക്സ്റ്റോൺ പ്രദേശത്തെ മലഞ്ചെരുവുകളിലാണ് ആറിനത്തിൽ പെട്ട ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഈ പ്രദേശത്തുണ്ടാകുന്ന ശക്തമായ കാറ്റും തിരമാലകളും നിരവധി ഫോസിലുകൾ കണ്ടെത്താൻ സഹായകമായിട്ടുണ്ട്.
ഹേസ്റ്റിങ്സ് മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയിലെ ക്യുറേറ്ററും പോർട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ ഒരു ശാസ്ത്രജ്ഞനുമാണ് ചരിത്ര പ്രാധാന്യമുള്ള ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിപ്പമേറിയ ജീവിവർഗത്തെക്കുറിച്ചുള്ള അവശേഷിക്കുന്ന രഹസ്യങ്ങളിലേക്ക് ഈ പുതിയ കണ്ടെത്തൽ വെളിച്ചം വീശിയേക്കുമെന്നാണ് കരുതുന്നത്.
സാൻഡ്സ്റ്റോണും കളിമണ്ണും കൂടിക്കലർന്ന് രൂപീകൃതമായ ശിലകളിലാണ് ദിനോസോറിന്റെ കാൽപ്പാടുകൾ സംരക്ഷിക്കപ്പെട്ടിരുന്നത്. ആഴത്തിൽ പതിഞ്ഞ കാൽപാടുകളിൽ മണ്ണും കളിമണ്ണും മറ്റ് പദാർഥങ്ങളും അടിഞ്ഞു കൂടിയാണ് ഈ ഫോസിലുകൾ രൂപം കൊണ്ടിരിക്കുന്നത്. 110 ദശലക്ഷം വർഷം മുമ്പുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ബ്രിട്ടനിൽ വിവിധ ഗണത്തിലുള്ള ദിനോസോറുകൾ ജീവിച്ചിരുന്നതായി ഈ കാൽപാടുകൾ സൂചന നൽകുന്നു. ഇവയിൽ ആങ്കിലോസോറസ് (ankylosaurus), തെറോപോഡ് (Theropods), ഓർണിത്തോപോഡ് (Ornithopods) എന്നിവ ഉൾപ്പെടുന്നു.
പ്രൊസിഡിങ്സ് ഓഫ് ദ ജിയോളജിസ്റ്റ്സ് അസ്സോസിയേഷൻ ജേണലിൽ ദിനോസോർ കാൽപ്പാടുകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ ഫോക്സ്റ്റോൺ മ്യൂസിയത്തിൽ കാൽപാടുകളിൽ ചിലവ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
ഫോക്സ്റ്റോണിൽ ദിനോസോറുകളുടെ കാലടയാളം കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് പോർട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ പാലിയോബയോളജി വിഭാഗത്തിലെ പ്രൊഫസറായ ഡേവിഡ് മാർട്ടിൽ പറഞ്ഞു. സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായ വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവറിന്റെ സമീപപ്രദേശത്താണ് ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. അടുത്ത തവണ ഇവിടെ ബോട്ടിങ്ങിനെത്തുമ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ഭീമൻ ദിനോസോറുകൾ വിഹരിച്ചു നടന്ന കാര്യം ഒന്ന് സങ്കൽപിച്ചു നോക്കൂ എന്നും മാർട്ടിൽ പറയുന്നു.
2011 ലാണ് ഫോക്സ്റ്റോണിലെ ഈ അടയാളങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പാറകളിൽ ഇത്തരം അടയാളങ്ങൾ സാധാരണമാണെന്ന് ജിയോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടെങ്കിലും വേലിയേറ്റങ്ങളേയും മണ്ണൊലിപ്പിനേയും തുടർന്ന് കാൽപാടുകൾ കൂടുതൽ വ്യക്തമാവുകയായിരുന്നെന്ന് ഹേസ്റ്റിങ്സ് മ്യൂസിയത്തിലെ കളക്ഷൻസ് ആൻഡ് എൻഗേജ്മെന്റ് ക്യൂറേറ്റർ ഫിലിപ്പ് ഹാഡ്ലാൻഡ് പറഞ്ഞു. കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമായതിനാൽ പോട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ സഹായത്തോടെ കൂടുതൽ വ്യക്തത ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കണ്ടെത്തിയിട്ടുള്ള കാൽപാടുകളിൽ ഏറ്റവും വലിപ്പമേറിയതിന് 80 സെന്റിമീറ്റർ നീളവും 65 സെന്റിമീറ്റർ വിസ്താരവുമുണ്ട്. ഇത് ഇഗ്വാനോഡോൺ (Iguanodon) പോലെയുള്ള ദിനോസോർ ഭീമന്റേതാണെന്നാണ് നിഗമനം. സസ്യഭുക്കുകളായ ഇഗ്വോനോഡോണിന് പത്ത് മീറ്ററോളം നീളമുള്ളതായും രണ്ടോ നാലോ കാലുകളുണ്ടായിരുന്നു എന്നും വിദഗ്ധാഭിപ്രായങ്ങളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates