

ഇസ്ലാമബാദ്: മൂന്ന് മാസത്തിനുള്ളില്‍ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുക സാധിക്കുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമപരമായ പ്രശ്‌നങ്ങളും നടപടിക്രമങ്ങളിലെ വെല്ലുവിളികളും ചൂണ്ടിക്കാട്ടിയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയത് ആറ് മാസമെങ്കിലും സമയം വേണ്ടി വരും തെരഞ്ഞെടുപ്പ് നടക്കാന്‍ എന്നാണ് ഇലക്ഷന്‍ കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നിയോജക മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയമടക്കമുള്ള കാര്യങ്ങളാണ് വെല്ലുവിളിയായി ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് 26ാം ഭേദഗതി പ്രകാരം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ജില്ല, മണ്ഡലം തിരിച്ചുള്ള വോട്ടര്‍ പട്ടികകള്‍ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സങ്കീര്‍ണത നിറഞ്ഞതാണെന്നും കമ്മീഷന്‍ പറയുന്നു. ഏതാണ്ട് ഒരു ലക്ഷത്തിടനടുത്താണ് പോളിങ് സ്‌റ്റേഷനുകള്‍ ഉള്ളത്. ഇലക്ഷന്‍ സാധനങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
മണ്ഡല പനര്‍നിര്‍ണയം എന്നത് സമയമെടുക്കുന്ന പ്രവര്‍ത്തനമാണ്. ഇക്കാര്യത്തില്‍ എതിരഭിപ്രായം പറയാന്‍ തന്നെ ഒരു മാസത്തെ സമയം നിയമം അനുവദിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ വന്നാല്‍ അത് പരിഹരിക്കാനും ഒരു മാസത്തെ സമയം വേണ്ടിവരും. ഇതെല്ലാം പരിഹരിക്കാന്‍ തന്നെ മൂന്ന് മാസം വേണം. പിന്നാലെ വോട്ടര്‍മാരുടെ പട്ടിക പതുക്കലും സമയമെടുത്ത് ചെയ്യേണ്ട കാര്യമാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണം, ബാലറ്റ് പേപ്പറുകളുടെ ക്രമീകരണം, പോളിങ് ജീവനക്കാരുടെ നിയമനം അവര്‍ക്ക് വേണ്ട പരിശീലനം നല്‍കല്‍ എന്നിവയും വെല്ലുവിളികളാണ്. നിലവില്‍ വാട്ടര്‍ മാര്‍ക്കുള്ള ബാലറ്റ് പേപ്പറാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപയോഗിക്കുന്നത്. ഇത് ഇറക്കുമതി ചെയ്യുന്നതാണ്. സുരക്ഷാ ഫീച്ചറുകള്‍ ഉള്ള ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് നിയമം ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയതായും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ വരാനുള്ളതും കമ്മീഷന്‍ തടസമായി ചൂണ്ടിക്കാട്ടുന്നു. ബലൂചിസ്ഥാനിലെ പ്രാദേശിക തെരഞ്ഞെടുപ്പ് മെയ് 29ന് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പഞ്ചാബ്, സിന്ധ്, ഇസ്ലാമബാദ് എന്നിവിടങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കേണ്ടി വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയതിന് പിന്നാലെ പാകിസ്ഥാനില്‍ ജനറല്‍ അസംബ്ലി പിരിച്ചുവിട്ടിരുന്നു. 90 ദിവസത്തിനുള്ള രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയായിരുന്നു നടപടി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates