ബെൽജിയം: യുഎസ് - ഇറാൻ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നും സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ വരും മാസങ്ങളിൽ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി.
ഹോർമുസ് കടലിടുക്കിൽ ചരക്കു ഗതാഗതം തുടർച്ചയായി തടസ്സപ്പെട്ടതുമൂലം ഇന്ധന വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാർഷിക ഉത്പാദനക്ഷമത കുറച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇതു വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും യുഎൻ വികസന മേധാവി അലക്സാണ്ടർ ഡി ക്രൂ അറിയിച്ചു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
ലോകത്തിലെ ആകെ വളത്തിന്റെ ഭൂരിഭാഗവും ഉല്പാദിപ്പിക്കപ്പെടുന്നതു മിഡിൽ ഈസ്റ്റിലാണ്. ആഗോളവിതരണത്തിന്റെ മൂന്നിലൊന്നു കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയും. അതിനാൽ തന്നെ കടലിടുക്കിലെ ദീർഘകാല പ്രതിസന്ധി 'ആഗോളഭക്ഷ്യ ദുരന്തത്തിനു' കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ - കാർഷിക സംഘടന (എഫ്എഒ) കഴിഞ്ഞയാഴ്ച നൽകിയ മുന്നറിയിപ്പ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാൻ, ടാൻസാനിയ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായിരിക്കും ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമാവുക എന്നാണ് ഐക്യരാഷ്ട്രസഭയുടെ അറിയിപ്പ്.
"അതീവദുഃഖത്തോടെ ചിലരോടെനിക്കിതു പറഞ്ഞേ മതിയാവൂ, ക്ഷമിക്കുക, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാവില്ല. സഹായം തേടി അതിജീവിക്കുന്ന ആളുകൾക്ക് വൈകാതെ അതൊക്കെ നഷ്ടമാകും, കൂടുതൽ ദൗർബല്യങ്ങളിലേക്ക് അവർ തള്ളപ്പെടും": ഡി ക്രൂ കൂട്ടിച്ചേർത്തു. യുദ്ധം ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ദുർബലമായ ജനതയെ കൂടുതലായി ബാധിക്കുമെന്നും ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം എന്നീ സംഘടനകൾ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ഗ്ലോബൽ ജിഡിപിയുടെ 0.5 ശതമാനം മുതൽ 0.8 ശതമാനം വരെ ഇല്ലാതാക്കിയതായും ഡി ക്രൂ അഭിപ്രായപ്പെട്ടു. "പതിറ്റാണ്ടുകൾകൊണ്ട് വളർത്തിയെടുത്ത കാര്യങ്ങൾ തകർത്തുകളയാൻ അവർക്ക് വേണ്ടിവന്നത് വെറും എട്ട് ആഴ്ചകളാണെന്നും" ഡി ക്രൂ വിമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates