ദുബായ്: ലോകപ്രശസ്ത ഇറാൻ സംവിധായകൻ ജാഫർ പനാഹിയെ (62) തുറുങ്കിലടച്ചു. 6 വർഷത്തെ തടവ് ശിക്ഷയാണ് ജാഫർ പനാഹിക്ക് കോടതി വിധിച്ചിരിക്കുന്നത്. ഭരണകൂടത്തെ വിമർശിച്ചതിന് ഒരു ദശകം മുൻപത്തെ കേസിലാണ് ജാഫർ പനാഹിക്കെതിരെ ഇപ്പോഴത്തെ നടപടി.
സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മറ്റ് 2 സംവിധായകരെ ഇറാൻ അടുത്തിടെ തടവിലാക്കിയിരുന്നു. തടവിൽ കഴിയുന്ന മുഹമ്മദ് റസൂലോഫ്, മുസ്തഫ അൽഹമ്മദ് എന്നീ സംവിധായകരെ സന്ദർശിക്കാൻ കഴിഞ്ഞയാഴ്ച ജയിലിലെത്തിയപ്പോഴാണ് പനാഹിയെ അറസ്റ്റ് ചെയ്തത്. മെയിൽ അബദാനിൽ കെട്ടിടം തകർന്ന് 40 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണ് മുഹമ്മദ് റസൂലോഫ്, മുസ്തഫ അൽഹമ്മദ് എന്നിവരെ ജയിലിലടച്ചത്.
2011ലാണ് സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരിൽ പനാഹിക്ക് 6 വർഷം തടവുശിക്ഷ വിധിച്ചത്. അന്നു 2 മാസം തടവിൽ കഴിഞ്ഞ ശേഷം ഉപാധികളോടെ മോചിപ്പിച്ചിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെൻസർഷിപ് എന്നിവയിലേക്ക് ചൂണ്ടി പനാഹി നിർമിച്ച ചലച്ചിത്രങ്ങളാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.
ദ് വൈറ്റ് ബലൂൺ, ദ് സർക്കിൾ, ഓഫ്സൈഡ്, ടാക്സി എന്നിവയാണ് പനാഹിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. 2007ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനായിരുന്നു അദ്ദേഹം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates