

ഇന്ന് ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നു ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന് പേരിട്ട അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ് ചിതറിപ്പോയത്. അതിഭയാനകമായ ആക്രമണത്തില്‍ ഹിരോഷിമയിലെ ജനത ഇരകളായപ്പോള്‍ 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ദിവസം ലോകത്തെയാകെ നടുക്കുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു.
ജപ്പാന്‍ സമയം രാവിലെ 8.15നാണ് ലോകം നടുങ്ങിയ ആ സംഭവം നടന്നത്. അമേരിക്കയുടെ എനോള ഗേ ബി29 ബോംബര്‍ വിമാനത്തില്‍ നിന്ന് ഹിരോഷിമയുടെ മുകളിലേക്ക് താഴ്ന്നിറങ്ങിയ ലിറ്റില്‍ ബോയ് എന്ന ആറ്റംബോംബില്‍നിന്ന് ആളിക്കത്തിയ അഗ്‌നിഗോളം, 370 മീറ്റര്‍ ഉയരത്തേക്ക് ജ്വലിച്ചുയര്‍ന്നു. ആയിരം സൂര്യന്മാര്‍ ഒന്നിച്ചു പൊട്ടിച്ചിതറിയതുപോലെ. അന്തരീക്ഷോഷ്മാവ് 4,000 ഡിഗ്രി സെല്‍ഷ്യസ് വരെയുയര്‍ന്നു. യോദോ നദി
തിളച്ചു മറിഞ്ഞു. നദിയില്‍ ചാടിയവര്‍ വെന്തുമരിച്ചു.മൂന്നര ലക്ഷം പേരുണ്ടായിരുന്ന ഹിരോഷിമയില്‍ അണുബോംബിന്റെ ആഘാതത്തില്‍ മരിച്ചത് 1,40,000 പേരായിരുന്നു. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടേയിരുന്നു.
ആണവബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പൈലറ്റായിരുന്ന പോള്‍ ടിബറ്റ് പിന്നീട് ഹിരോഷിമ ദുരന്തത്തിന്റെ തന്റെ അനുഭവം ഓര്‍ത്തെടുക്കുന്നുണ്ട്. ‘ കോ-പൈലറ്റ് എന്റെ തോളില്‍ തട്ടി താഴേക്ക് നോക്കി നിലവിളിക്കുകയായിരുന്നു’ എന്നാണ് പോള്‍ ടിബറ്റ് പറഞ്ഞത്.
ആണവായുധ പ്രയോഗത്തെ തുടര്‍ന്നുള്ള അണുവികിരണം ഏല്‍പ്പിച്ച ആഘാതത്തിന്റെ പ്രതീകമാണ് സഡാക്കോ സസാക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടി. അണുബോംബ് വീണ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍മാത്രം അകലെയുള്ള വീട്ടില്‍ ,കട്ടിലില്‍ കിടക്കുകയായിരുന്നു സഡാക്കോ. ബോംബിന്റെ ആഘാതത്തില്‍ അവള്‍ തെറിച്ച് വീടിന് പുറത്തേക് വീണു. സഡാക്കോയ്ക്കും അവളെ രക്ഷിച്ച അമ്മയ്ക്കും അണുവികിരണമേറ്റു. ദുരന്തിന്റെ ഇരയായാണ് സഡാക്കോ ജീവിച്ച് തീര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates