ആറു മണിക്കൂര്‍ മാത്രം വൈദ്യുതി; ഭക്ഷണം വാങ്ങാന്‍ പട്ടാളം 'കനിയണം', ശ്വാസം മുട്ടുന്ന ഗാസ (വീഡിയോ)

അധിനിവേശം അറുത്തുമുറിച്ചൊരു നാട്, ചെറുത്തുനില്‍പ്പിന്റെ പേരിലെ ചോരക്കളിയില്‍ തകര്‍ന്നുപോയൊരു ജനത
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
2 min read

ധിനിവേശം അറുത്തുമുറിച്ചൊരു നാട്, ചെറുത്തുനില്‍പ്പിന്റെ പേരിലെ ചോരക്കളിയില്‍ തകര്‍ന്നുപോയൊരു ജനത. രക്തം കൊണ്ടെഴുതിയ ചരിത്രമാണ് പലസ്തീന്റേത്. ജൂത, ക്രൈസ്തവ, മുസ്ലിം സെമറ്റിക് മതങ്ങളുടെ പുണ്യഭൂമിയാണ് പലസ്തീന്‍. ഒട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് ബ്രിട്ടണ്‍, പലസ്തീന്‍ മണ്ണില്‍ അധികാരം ഉറപ്പിക്കുന്നതോടെയാണ് പുണ്യഭൂമിയിലെ ചോരപ്പോരിന് തുടക്കമാകുന്നത്.

1878ലെ ചരിത്ര രേഖകള്‍ പ്രകാരം, 80 ശതമാനം മുസ്ലിംകളും 10 ശതമാനം ക്രിസ്ത്യാനികളും മൂന്നു ശതമാനം ജൂതന്‍മാരുമാണ് ഇവിടെയുണ്ടായിരുന്നത്. മൂന്നു മതങ്ങളും വിശുദ്ധ സ്ഥലമായി കണക്കാക്കിയിരുന്ന ജറുസലേമില്‍ മൂന്നുകൂട്ടര്‍ക്കും തുല്യ പ്രാധാന്യമുണ്ടായിരിന്നു. 

1898ല്‍ സയണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടു. ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതന്‍മാരോട് വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് പോകണമെന്ന് സയണിസ്റ്റുകള്‍ ആഹ്വാനം ചെയ്തു. ഒട്ടോമന്‍ സാമ്രാജ്യത്വത്തെ തകര്‍ക്കാന്‍ ബ്രിട്ടന്‍ ജൂതന്‍മാരുമായും അറബികളോടും കരാറുണ്ടാക്കി. ഒന്നാം ലോക യുദ്ധ വിജയത്തിന് ശേഷം, പലസ്തീനില്‍ ജൂതന്‍മാര്‍ക്ക് പ്രത്യേക രാജ്യം സ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ബ്രിട്ടണെ ചുമതലപ്പെടുത്തി. ഇതോടെ ഇവിടേക്ക് വന്‍ തോതിലുള്ള ജൂത കുടിയേറ്റമുണ്ടായി. ഇത് പലസ്തീനിലെ ഭൂരിപക്ഷ ജനതയെ അസ്വസ്ഥരാക്കി. ഇതോടെ, സംഘര്‍ഷം ഉടലെടുത്തു. 

1948ല്‍ ഇസ്രയേല്‍ സ്ഥാപിതമായി. ഇതിനെ എതിര്‍ത്ത പലസ്തീനൊപ്പം അറബ് ലീഗ് നിലകൊണ്ടു. ലീഗിലെ അംഗരാജ്യങ്ങള്‍ യുഎന്‍ നിലപാടിനെ എതിര്‍ത്തു. തുടര്‍ന്ന് നടന്ന അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ ജയിച്ചു. ജറുസലേം അടക്കമുള്ള പ്രദേശങ്ങള്‍ ഇസ്രയേലിന്റെ കൈവശമായി. പിന്നീട് ലോകം കണ്ടത്, അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ തുടര്‍ക്കഥകളായിരുന്നു. 


1967ല്‍ വീണ്ടും യുദ്ധം. ആറു ദിവസം കൊണ്ട് ഇസ്രയേല്‍ ഈജിപ്തിനെയും സിറിയയേയും ജോര്‍ദാനെയും പരാജയപ്പെടുത്തി.  1967ല്‍ യാസര്‍ അറഫതിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായി. സായുധ സമരം പ്രഖ്യാപിച്ച പിഎല്‍ഒയും ഇസ്രയേലും തമ്മില്‍ നിരന്തരം ഏറ്റുമുട്ടി. എന്നാല്‍ പിന്നീട്, പിഎല്‍ഒ നിലപാട് മയപ്പെടുത്തുകയും യാസര്‍ അറഫത് സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്തു. 

ഈ സമയത്തെല്ലാം ഗാസയിലേക്ക് ഇസ്രയേല്‍ വന്‍തോതില്‍ തങ്ങളുടെ പൗരന്‍മാരെ കുടിയേറ്റിക്കൊണ്ടിരുന്നു. കുടിയേറ്റക്കാരുടെ സംരക്ഷണത്തിന് എന്ന പേരില്‍ ഇസ്രയേല്‍ സേന, ഇവിടെ തമ്പടിച്ചു. 1987ലാണ് ഹമാസ് സ്ഥാപിതമാകുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയായിരുന്നു ഹമാസിന്റെ ആദ്യ ഇടപെടലുകള്‍. പതിയെ, തീവ്ര മുസ്ലിം നിലപാടുകളുള്ള സായുധ സംഘടനയായി ഹമാസ് മാറി. 

1987 മുതല്‍ 1993വരെ ഹമാസും ഇസ്രയേലും തമ്മില്‍ ഏറ്റവും രൂക്ഷമായ രീതിയില്‍ ചോരക്കളി തുടര്‍ന്നു. യാസര്‍ അറഫത് അടക്കമുള്ള നേതാക്കളെ ഇകഴ്ത്തിക്കാട്ടാനായി ആദ്യ കാലങ്ങളില്‍ ഇസ്രയേല്‍ ഹമാസിനെ പിന്തുണച്ചിരുന്നു എന്നതും മറ്റൊരു വസ്തുത. 1993ല്‍ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് ഓസ്ലോ ഉടമ്പടിയില്‍ ഒപ്പുവച്ച ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍, സമാധാനം താത്ക്കാലികം മാത്രമായിരുന്നു. ഗാസയില്‍ നിന്ന് ഹമാസ് അടിക്കടി ഇസ്രയേലിലേക്ക് ആക്രമണങ്ങള്‍ നടത്തി. കടുത്ത സൈനിക നീക്കങ്ങളായിരുന്നു ഇസ്രയേലിന്റെ മറുപടി.  ലോകത്തെ ഏറ്റവും അരക്ഷിതമായ സ്ഥലമായി ഗാസ മാറി. 

മുസ്ലിംകള്‍ മൂന്നാമത്തെ പ്രധാന ആരാധനാലയമായി കണക്കാക്കുന്ന അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തുന്ന ഇടപെടലുകളാണ് പുതിയ നീക്കത്തിന് ഹമാസിനെ പ്രേരിപ്പിച്ച ഘടകം. പ്രതിരോധത്തിന്റെ പേരില്‍ ഇസ്രയേല്‍ ഗാസയെ ശ്വാസം മുട്ടിച്ചു. ആറു മണിക്കൂര്‍ മാത്രം വൈദ്യുതി. ഗാസയിലെ ജനങ്ങള്‍ തൊഴിലെടുക്കാന്‍ ഇസ്രയേലിക്ക് പോകേണ്ട സ്ഥിതി. അവശ്യ വസ്തുക്കള്‍ വില്‍ക്കാനും വാങ്ങാനും പട്ടാളത്തിന്റെ അനുമതി തേടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ. ഹമാസിനെ തിരയാനെന്ന പേരില്‍, ഏത് സമയവും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് കടന്നുവരുന്ന വമ്പന്‍ സൈനിക ടാങ്കുകള്‍. സമാധാനമാണ് പലസ്തീന്‍ ജനത സ്വപ്നം കാണുന്നത്. ആകാശത്തുനിന്ന് തീമഴ പെയ്ത് ഉറ്റവര്‍ മണ്ണടിഞ്ഞു പോകാത്തൊരു കാലം അന്നാട്ടിലെ സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com