ലോകം ഒമൈക്രോണ്‍ വകഭേദത്തിന്റെ പിടിയിലാണ്. ഓരോ ഘട്ടത്തിലും പുതിയ കൊറോണ വൈറസ് വകഭേദങ്ങള്‍ ഉണ്ടാവുന്നത് ജനങ്ങള്‍ക്ക് നിരാശ സമ്മാനിക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞ് സാധാരണനിലയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് പുതിയ വകഭേദങ്ങള്‍ ഉണ്ടാവുന്നത്. ഇത് ജനങ്ങള്‍ക്ക് ഇടയില്‍ നിരാശയുടെ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. എപ്പോള്‍ ഈ മഹാമാരി അവസാനിക്കും എന്ന ചോദ്യം എല്ലാവരുടെയും മനസില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വൈറസ് നമുക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാവും, വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്.
കോവിഡിന്റെ ആദ്യ നാളുകളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ വാക്‌സിന്‍ ഉണ്ട് എന്നത് ഒരു ആശ്വാസം നല്‍കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണ്‍ ഗുരുതരമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നേരിയ രോഗലക്ഷണങ്ങളെ തടയാന്‍ വാക്‌സിന് സാധിക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ട് ഒമൈക്രോണ്‍ വരില്ല എന്നില്ല. എന്നാല്‍ അസുഖം ഗുരുതരമാകാതെ തടയാന്‍ വാക്‌സിന് സാധിക്കുമെന്നാണ് വിദഗ്ധരുടെ അവകാശവാദം.
പുതിയ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ധനായ ആല്‍ബര്‍ട്ട് കോ പറയുന്നു. കോവിഡ് കാലം തീരുന്നതിനെ കുറിച്ച് ഗൗരവത്തോടെ കാണാത്ത പക്ഷം ഇത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോവിഡ് കാലങ്ങളോളം നമ്മുടെ ഒപ്പം ഉണ്ടാകും. കോവിഡിനെ പൂര്‍ണമായി തുടച്ചുനീക്കാന്‍ സാധിക്കില്ല. കോവിഡിനെ പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ രാജ്യങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചാല്‍, കുറഞ്ഞപക്ഷം മരണവും ആശുപത്രിവാസവും തടഞ്ഞുനിര്‍ത്താന്‍ സാധിച്ചാല്‍ മഹാമാരി അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ലോകാരോഗ്യസംഘടന ചിന്തിച്ചു തുടങ്ങും. എന്നാല്‍ ഈ ഘട്ടമായി എന്ന് തീരുമാനിക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
ആവശ്യത്തിന് വാക്‌സിനും ചികിത്സയും ലഭ്യമല്ലാത്ത ദരിദ്ര രാജ്യങ്ങള്‍ക്ക് കോവിഡിനെതിരെയുള്ള പോരാട്ടം പ്രയാസം നിറഞ്ഞതായിരിക്കും. മറ്റു രാജ്യങ്ങള്‍ എളുപ്പം ഇതിനെ മറികടന്നേക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം കാണുന്ന ഒരു രോഗമായി ഇതുമാറാന്‍ സാധ്യതയുണ്ട്.
ഒമൈക്രോണ്‍ കേസുകള്‍ പരിശോധിക്കുമ്പോള്‍ ഒരു പ്രദേശത്ത് മാത്രം കാണുന്ന ഒരു രോഗമായി മാറി എന്ന നിഗമനത്തില്‍ ഇപ്പോള്‍ എത്തിച്ചേരാന്‍ സാധിക്കില്ല. എന്നാല്‍ ഭാവിയില്‍ അത്തരം ഒരു അവസ്ഥയിലേക്ക് മാറാം. പകര്‍ച്ചപ്പനി പോലെ ഒരു പ്രദേശത്ത് മാത്രം പടര്‍ന്നുപിടിക്കുന്ന ഒരു രോഗമായി മാറാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ധന്‍ സ്റ്റീഫന്‍ കിസ്ലര്‍ പറയുന്നു.
അമേരിക്കയില്‍ രണ്ടുവര്‍ഷത്തിനിടെ എട്ടുലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. വര്‍ഷത്തില്‍ 12,000 മുതല്‍ 52,000 പേരാണ് അമേരിക്കയില്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിക്കുന്നത്. പകര്‍ച്ചപ്പനി, അഞ്ചാം പനി പോലെ നിശ്ചിത സമയങ്ങളില്‍ ഒരു പ്രദേശത്ത് പൊട്ടിപ്പുറപ്പെടുന്ന രോഗമായി കൊറോണ വൈറസ് ഇന്ത്യയില്‍ മാറുമെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മുന്‍ തലവന്‍ ഡോ ടി ജേക്കബ് ജോണ്‍ കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates