

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്നതിനിടെ വോട്ടെടുപ്പില്‍ വന്‍തോതില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പില്‍ താന്‍ തന്നെയാണ് ജയിച്ചതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളെ ട്രംപ് ആഹ്വാനം ചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. 238 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് മുന്നില്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ എണ്ണിയ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിജയിച്ച് ട്രംപ് 213 ഇലക്ടറല്‍ വോട്ടെന്ന നേട്ടത്തിലേക്കെത്തിക്കഴിഞ്ഞു.
ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും കടുത്ത മത്സരത്തിനൊടുവിലാണ് ബൈഡന്‍ ജയം നേടിയത്. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായിരുന്ന വെര്‍ജീനിയയില്‍ പക്ഷെ ട്രംപിന്റെ മുന്നേറ്റം കണ്ടു. കോളറാഡോ, കണക്റ്റികട്ട്, ഡെല്ലവെയര്‍, ഇലിനോയ്, മസാച്ചുസെറ്റ്‌സ്, ന്യൂ മെക്‌സിക്കോ, വെര്‍മോണ്ട് എന്നിവിടങ്ങളിലാണ് ബൈഡന്‍ ആധിപത്യമറിയിച്ചത്.
അലബാമ, അര്‍കാന്‍സാസ്, കെന്‍ടെക്കി, ലൂയിസിയാന, മിസിസിപ്പി, നെബ്രാസ്‌ക, വോര്‍ക്ക് ഡെക്കോട്ട, ഒക്ക്‌ലഹോമ, സൗത്ത് ഡെക്കോട്ട, ടെന്നീസീ, വെസ്റ്റ് വെര്‍ജീനിയ, വ്യോമിങ്, ഇന്ത്യാന, സൗത്ത് കാരലിന് എന്നിവിടങ്ങളില്‍ ട്രംപ് ജയം ഉറപ്പിച്ചു.
കോവിഡ് മഹാമാരിക്കിടയിലും നൂറ് ദശലക്ഷത്തിലേറെ ആളുകളാണ് ഇക്കുറി അമേരിക്കയില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ്ഹൗസിലെത്തുമോയെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 538 ഇലക്ടറല്‍ വോട്ടില്‍ 270എണ്ണം ജയിച്ചാലാണ് വൈറ്റ് ഹൗസില്‍ സ്ഥാനമുറപ്പിക്കാനാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates