

ന്യൂഡൽഹി: സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏകപക്ഷീയമായി വർദ്ധിപ്പിച്ച യു എസ് നടപടിക്കെതിരെ തിരിച്ചടിയുമായി ഇന്ത്യ. അമേരിക്കയിൽ നിർമ്മിക്കുന്ന ചില ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ ആലോചിക്കുന്നതായി ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിച്ചു.
"അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ താരിഫ് വർധിപ്പിച്ച് ഇളവുകള്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്," എന്ന് കഴിഞ്ഞ ദിവസം ഇന്ത്യ, ഡബ്ലിയു ടി ഒയ്ക്ക് നൽകിയ രേഖയിൽ പറയുന്നു.
എന്നാൽ ഏതൊക്കെ ഉൽപ്പന്നങ്ങൾക്കാണ് താരിഫ് ചുമത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ലോകത്തിലെ രണ്ടാമത്തെ വലിയ അസംസ്കൃത സ്റ്റീൽ ഉൽപാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് മാർച്ചിൽ, അമേരിക്ക 25% തീരുവ ചുമത്തി - 2018 ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആദ്യമായി ഏർപ്പെടുത്തിയ ഇറക്കുമതി താരിഫുകൾ ഇപ്പോൾ വർദ്ധിപ്പിക്കുകയായിരുന്നു.
യു എസ് നടപടികൾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളെ ബാധിക്കുമെന്ന് ഇന്ത്യ ഡബ്ല്യുടിഒയ്ക്ക് സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി.
സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവയ്ക്ക് പുറമേ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26% പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും വ്യാപാര കരാറിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. യുഎസുമായുള്ള താരിഫ് വിടവ് മൂന്നിൽ രണ്ടായി കുറയ്ക്കാൻ ഇന്ത്യ ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി താരിഫുകൾ ഇന്ത്യയിലാണെന്നും, "താരിഫ് ദുരുപയോഗം ചെയ്യുന്ന രാജ്യം" എന്നും ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.
2018-ൽ ആദ്യ ട്രംപ് ഭരണകൂടം ദേശീയ സുരക്ഷയുടെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ചില സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്തി. 2019 ജൂണിൽ ബദാം, വാൽനട്ട് എന്നിവയുൾപ്പെടെ 28 യുഎസ് ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ചുമത്തിയാണ് അന്ന് ഇന്ത്യ തിരിച്ചടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates