ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണെന്നും അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ തന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള സ്‌കോട്ടിന്റെ പരാമര്‍ശം.
'ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് പാലിച്ചു. അതിന് പകരമായി അമേരിക്കന്‍ എണ്ണ ഉപയോഗിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. ലോകത്ത് നിലവില്‍ എണ്ണവിതരണത്തില്‍ പ്രതിസന്ധിയില്ല, റഷ്യന്‍ എണ്ണ വാങ്ങാന്‍ നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ യുഎസ് നിര്‍ദേശമനുസരിച്ചു തന്നെ ഇന്ത്യ ചെയ്യുന്നുണ്ട്'- സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
ഉപരോധങ്ങള്‍ കാരണം നിലവില്‍ കപ്പലുകളില്‍ കോടിക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആ ചരക്കുകള്‍ വാങ്ങുന്നവരിലേക്ക് എത്താന്‍ അനുവദിക്കുന്നത് ആഗോള വിതരണം വേഗത്തില്‍ വര്‍ദ്ധിപ്പിക്കും. ഈ സംഘര്‍ഷ സമയത്ത് വിപണിയില്‍ ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുന്ന രീതി ഞങ്ങള്‍ തുടരും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയ കാലയളവില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 25ശതമാനം തീരുവ ചുമത്തിയിരുന്നു. ഇന്ത്യ നിലപാട് മാറ്റിയതോടെ ട്രംപ് ഭരണകൂടം പിഴത്തീരുവ പിന്‍വലിച്ചിരുന്നു. 30 ദിവസത്തേക്കാണ് ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates