

ടെഹ്റാന്‍: ടെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിട്ട ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഇറാന്‍ (Iran) . ഇസ്രയേലിലേക്ക് നൂറുകണക്കിന് ഡ്രോണ്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. സയണിസ്റ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് ( Israel ) വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക വക്താവ് അബൊള്‍ഫാസല്‍ ഷെകാര്‍ചി മുന്നറിയിപ്പ് നല്‍കി. ഇറാനും കടുത്ത സൈനിക നടപടിക്ക് തുനിയുന്നതോടെ മിഡീല്‍ ഈസ്റ്റ് വീണ്ടും കടുത്ത യുദ്ധഭീതിയിലായിട്ടുണ്ട്.
ഇസ്രയേലിന്റെ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ തങ്ങള്‍ക്ക് 'നിയമപരവും നീതിയുക്തവുമായ അവകാശം' ഉണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച്, ഈ ആക്രമണത്തോട് പ്രതികരിക്കുന്നത് ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ അവകാശമാണെന്ന് ടെഹ്റാന്‍ വ്യക്തമാക്കി. ഇറാന്റെ സായുധ സേന എല്ലാ ശക്തിയും ഉപയോഗിച്ച് ആക്രമണത്തെ ചെറുക്കുമെന്നും ഇറാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. താമസസ്ഥലങ്ങളടക്കം ആക്രമിച്ചതിലൂടെ അതിന്റെ ദുഷ്ട സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രയേല്‍ ഭരണകൂടം കാത്തിരിക്കണം' ഖമേനി പറഞ്ഞു.
ഇസ്രയേൽ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും. ഖമേനി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, അടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇറാൻ പരമോന്നത മേധാവി ഖമേനിയുടെ ഭാഗത്തു നിന്നും ശക്തമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം ആറോളം സ്‌ഫോടനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates