താമസം വാടകയ്ക്ക്, കുളിക്കാനല്ലാതെ മറ്റൊന്നിനും വീടിന് പുറത്തിറങ്ങില്ല; വീടിന്റെ മാതൃകയുണ്ടാക്കി യുഎസ് സേനയുടെ പരിശീലനം, സ്വയം പൊട്ടിത്തെറിച്ച് ഖുറേഷി 

ബുധനാഴ്ച രാത്രിയോടെ സിറിയയിൽ വച്ചാണ് ഖുറേഷിയും കുടുംബവും മരണത്തിന് കീഴടങ്ങിയത്
ഖുറേഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടം/ ചിത്രം: എ പി
ഖുറേഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടം/ ചിത്രം: എ പി
Updated on
1 min read

വാഷിങ്ടൺ: 2019-ൽ അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തിലേക്ക് എത്തിയ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷി സ്വയം ബോംബ് പൊട്ടിച്ചു. ബുധനാഴ്ച രാത്രിയോടെ സിറിയയിൽ വച്ചാണ് ഖുറേഷിയും കുടുംബവും മരണത്തിന് കീഴടങ്ങിയത്. ഒളിത്താവളം യുഎസ് പ്രത്യേക സേന വളഞ്ഞ് വെടിവെപ്പ് നടത്തിയതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇവരെന്ന്  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. 

അയാൾ വരും, വാടക തരും, പോകും

10 മില്യൻ ഡോളറാണ് ഖുറേഷിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് യുഎസ് സർക്കാർ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്. തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇദ്‍ലിബ് പ്രവിശ്യയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അത്മെ നഗരത്തിലെ ഒരു മൂന്ന് നില കെട്ടിടത്തിലാണ് ഖുറേഷിയും കുടുംബവും താമസിച്ചിരുന്നത്. 11 മാസത്തോളമായി ഇവരിവിടെ വാടകയ്ക്ക് താമസിക്കുകയാണെന്ന് കെട്ടിട ഉടമ പറയുന്നു.  സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അയാൾ വരും, വാടക തരും, പോകും. മൂന്നു കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. അയാളുടെ വിധവയായ സഹോദരിയും അവരുടെ മകളും കൂടെയുണ്ടായിരുന്നു,ഉടമ പറഞ്ഞു. 

ഖുറേഷിയും കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. താഴത്തെ നിലയിൽ താമസിച്ചിരുന്ന കുടുംബത്തിന് മുകളിലുള്ളത് ഐഎസ് തലവനാണെന്ന കാര്യം അറിയില്ലായിരുന്നതുകൊണ്ട് വ്യോമാക്രമണം നടത്തുന്നത് തടസ്സമായിരുന്നുവെന്നാണ് യുഎസ് സൈന്യം പറയുന്നത്. കുളിക്കുന്നതിനായല്ലാതെ മറ്റൊരു ഘട്ടത്തിലും ഖുറേഷി വീടിന് പുറത്തിറങ്ങാറില്ലായിരുന്നു.

പ്രത്യേക പരിശീലനം, വിശദമായ പരീക്ഷണങ്ങൾ

ആത്‌മേയിലെ കെട്ടിടത്തിന്റെ മാതൃക നിർമിച്ചടക്കം ഖുറേഷിയെ പിടികൂടാൻ യുഎസ് പ്രത്യേക സേന പരിശീലനം നടത്തി. സ്‌ഫോടനത്തിൽ കെട്ടിടം തകരാനുള്ള സാധ്യതയടക്കം എഞ്ചിനീയർമാർ പഠിച്ചും വിശദമായ പരീക്ഷണങ്ങൾക്കും ശേഷമാണ് സൈന്യം ഓപ്പറേഷന് തയ്യാറെടുത്തത്. ചൊവ്വാഴ്ച പ്രത്യേക സേനയുടെ ദൗത്യത്തിന്‌ ബൈഡൻ അന്തിമ അനുമതി നൽകിയതിന് പിന്നാലെ ബുധനാഴ്ച അർദ്ധരാത്രിയോടെ യുഎസ് ഹെലികോപ്റ്ററുകൾ ആത്‌മേയിലെത്തി. 

'ഭീരുത്വത്തിന്റെ അവസാന പ്രവൃത്തി'

വാഹനങ്ങളിൽ ഘടിപ്പിച്ച വിമാനവേധ തോക്കുകൾ ഉപയോ​ഗിച്ച് യുഎസ് പ്രത്യേക സേനക്ക് മുന്നിൽ പ്രതീക്ഷിച്ചതിനെക്കാൾ ചെറുത്ത് നിൽപ്പ് ഖുറേഷി തീർത്തു. തിരച്ചിൽ നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ വെച്ച് ഖുറേഷി സ്വയം ബോംബ് പൊട്ടിച്ചു. ഖുറേഷിയും ഭാര്യയും കുട്ടികളും ഇതിൽ കൊല്ലപ്പെട്ടു. വിരലടയാളത്തിലൂടെയും ഡിഎൻഎ പരിശോധനയിലൂടെയും ഖുറേഷിയെ പിന്നീട് തിരിച്ചറിഞ്ഞുവെന്നും യുഎസ് സൈനിക വാക്താവ് അറിയിച്ചു. 'ഭീരുത്വത്തിന്റെ അവസാന പ്രവൃത്തി' എന്നാണ് ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com