ജറുസലേം: ഇസ്രായേൽ പാർലമെന്റിൽ പുതിയ സ്പീക്കറായി മാറ്റൻ കഹാനയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ നയങ്ങൾ തിരുത്താനും പുതിയ സർക്കാർ രൂപീകരിക്കാനുമുള്ള പ്രതിപക്ഷത്തിന്റെ നിർണായക നീക്കത്തിൽ വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നെതന്യാഹുവിനെതിരെ പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ഗാഡി ഐസൻകോട്ടിന്റെ അടുത്ത സഖ്യകക്ഷിയാണ് പുതിയ സ്പീക്കറായ മാറ്റൻ കഹാന.
120 അംഗ പാർലമെന്റിൽ 66 വോട്ടുകൾ നേടിയാണ് കഹാന സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൂത വിഭാഗത്തിൽപ്പെട്ട പ്രതിപക്ഷ കക്ഷികളും അറബ് നേതൃത്വത്തിലുള്ള പാർട്ടികളും അദ്ദേഹത്തിന് പിന്തുണ നൽകി. ഏഴ് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ നെതന്യാഹുവിന്റെ പക്ഷം പിന്തുണച്ച ഒഫിർ കാറ്റ്സിന് 52 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ 27-ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇസ്രായേൽ പ്രസിഡന്റ് ഗാഡി ഐസൻകോട്ടിനെ പുതിയ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.
സഖ്യ സർക്കാർ രൂപീകരിക്കുന്നതിനായി ഐസൻകോട്ടിന് അഞ്ച് ആഴ്ച കൂടി സമയമുണ്ട്. അതുവരെ പാർലമെന്റിൽ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളുമായി മുന്നോട്ട് പോകാനാണ് നെതന്യാഹു വിരുദ്ധ ചേരിയൂടെ നീക്കം. പ്രധാനമന്ത്രിയുടെ പദവിക്ക് കാലാവധി പരിധി ഏർപ്പെടുത്തുക, 2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുക, ജുഡീഷ്യറിയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ നിരവധി ബില്ലുകൾ അവതരിപ്പിച്ച് സഭയുടെ അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യം. സ്പീക്കർ പദവി ലഭിച്ചതിലൂടെ നിർണായകമായ മേധാവിത്വം സ്വന്തമാക്കാൻ ഐസൻകോട്ടിന് കഴിഞ്ഞതായാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates