മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, വംശീയ അധിക്ഷേപം; ജെപി മോര്‍ഗനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ജീവനക്കാരന്‍

ഭാര്യയുടെ മുമ്പില്‍ വച്ചും അതിക്രമിക്കാന്‍ ശ്രമിച്ചതായും യുവാവ്
Lorna Hajdini
Lorna Hajdini
Updated on
1 min read

വാഷിങ്ടന്‍: അമേരിക്കയിലെ ബാങ്കിങ് സ്ഥാപനം ജെപി മോര്‍ഗനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി. ജെ.പി മോര്‍ഗന്‍ ചേസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ലോര്‍ണ ഹജ്ദിനിക്കെതിരെയാണ് ജൂനിയറായ ഇന്ത്യന്‍ വംശജന്‍റെ പരാതി. ലഹരി മരുന്ന് നല്‍കി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിരസിച്ചപ്പോള്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ലോര്‍ണക്കെതിരെ വംശീയ അധിക്ഷേപവും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ തന്റെ കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 2024 ല്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് അതിക്രമങ്ങള്‍ ആരംഭിച്ചതായി പരാതിയില്‍ പറയുന്നത്. ലോര്‍ണ തന്നെ ഇന്ത്യന്‍ ബ്രൗണ്‍ ബോയ് എന്നടക്കം വിളിച്ച് വംശീയമായി അധിക്ഷേപിച്ചതായും പരാതിക്കാരന്‍ പറയുന്നു.

ലൈംഗിക ബന്ധത്തിന് തയ്യാറാകാതെ വന്നപ്പോള്‍ നിന്നെ ഞാന്‍ സ്വന്തമാക്കി വച്ചിരിക്കുകയാണ്, എന്റെ പിന്തുണയില്ലെങ്കില്‍ നിനക്കിവിടെ ജീവിക്കാന്‍ സാധിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാരന്‍ പറയുന്നു. പ്രൊമോഷന്‍ തടഞ്ഞുവെക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഭാര്യയേയും ലോര്‍ണ വംശീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരന്‍ പറയുന്നുണ്ട്.

ലഹരി നല്‍കി ലൈംഗികമായി അതിക്രമിച്ചതായും തന്റെ വീട്ടില്‍ വന്ന് ഭാര്യയുടെ മുമ്പില്‍ വച്ചും അതിക്രമിക്കാന്‍ ശ്രമിച്ചതായും യുവാവ് പരാതിയില്‍ പറയുന്നുണ്ട്. 2025 ല്‍ യുവാവ് ബാങ്കിന് രേഖാമൂലം പരാതി നല്‍കി. എന്നാല്‍ ജെപി മോര്‍ഗന്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തിയത്. പരാതിക്കാരന്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും മതിയായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോര്‍ണ ഇപ്പോഴും ബാങ്കില്‍ ജോലി തുടരുമ്പോള്‍ പരാതിക്കാരന്‍ മാനസികമായി തകര്‍ന്ന്, ജോലി കണ്ടെത്താനാകാതെ വലയുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. മാനസികവും തൊഴില്‍പരവുമായി തകര്‍ന്ന തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നും ലോര്‍ണയ്‌ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

Summary

JPMorgan executive Lorna Hajdini faces sexual abuse allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com