രണ്ടാമത്തെ മുസ്ലിം വനിതാ പ്രധാനമന്ത്രി, സൈനിക ഭരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, സംഭവബഹുലം ഖാലിദയുടെ ജീവിതം

മൂന്നു തവണയാണ് ബീഗം ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്
Begum Khaleda Zia
Begum Khaleda ZiaAP
Updated on
2 min read

ധാക്ക: മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദ സിയയുടെ ജീവിതം സംഭവബഹുലമാണ്. ഭര്‍ത്താവിന്റെ വിയോഗത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ഖാലിദ സിയ എന്ന വീട്ടമ്മ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിക്കസേരയിലെത്തി. മൂന്നു തവണയാണ് ഖാലിദ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി, മുസ്ലിം ലോകത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്നീ ബഹുമതികളും ഖാലിദ സിയക്കാണ്.

Begum Khaleda Zia
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

മുസ്ലിം ലോകത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രധാനമന്ത്രി പാകിസ്ഥാന്റെ ബേനസീര്‍ ഭൂട്ടോയാണ്. 1991 മാര്‍ച്ചിലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ആദ്യം ചുമതലയേല്‍ക്കുന്നത്. 1996 ഫെബ്രുവരി വരെ പ്രധാനമന്ത്രിയായി തുടര്‍ന്നു. 1996 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പ് പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ ഖാലിദയുടെ പാര്‍ട്ടി വിജയിച്ചു. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും, 90 ദിവസത്തിനകം പാര്‍ലമെന്റ് പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയോട് പരാജയപ്പെട്ടു. 2001 മുതല്‍ 2006 വരെയാണ് മൂന്നാമത് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്നത്.

1945ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ ജയ്പാല്‍ഗുഡിയില്‍ ഇന്നത്തെ ബംഗ്ലാദേശിലെ ഫുള്‍ഗാസിയില്‍ നിന്നുള്ള ബംഗാളി മുസ്ലീം കുടുംബത്തിലാണ് ഖാലിദ സിയയുടെ ജനനം. തേയില വ്യവസായി ഇസ്‌കന്ദര്‍ അലി മജുംദാറിന്റെയും തയ്യബ മജുംദാറിന്റെയും അഞ്ച് മക്കളില്‍ മൂന്നാമത്തേതായിരുന്നു ഖാലിദ. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം, അവര്‍ ദിനാജ്പൂര്‍ പട്ടണത്തിലേക്ക് (ഇപ്പോള്‍ ബംഗ്ലാദേശില്‍) കുടിയേറി. 1960 ല്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന സിയാവുര്‍ റഹ്മാനെ വിവാഹം കഴിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പാകിസ്ഥാനിലേക്ക് താമസം മാറി.

1981 മെയ് 30 ന് ഖാലിദ സിയയുടെ ഭര്‍ത്താവും അന്നത്തെ ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 1982 ജനുവരി 2 ന്, ഭര്‍ത്താവ് സിയാവുര്‍ റഹ്മാന്‍ സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ (ബിഎന്‍പി) അംഗത്വമെടുത്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1983 മാര്‍ച്ചില്‍ ബിഎന്‍പിയുടെ വൈസ് ചെയര്‍മാനായി. 1982 മാര്‍ച്ചില്‍, അന്നത്തെ ബംഗ്ലാദേശ് സൈനിക മേധാവിയായിരുന്ന ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ്, ബിഎന്‍പി നേതാവും പ്രസിഡന്റുമായ അബ്ദുസ് സത്താറിന്റെ ഭരണം അട്ടിമറിക്കുകയും, രാജ്യത്തിന്റെ ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്‌ട്രേറ്റര്‍ (സിഎംഎല്‍എ) ആയി അവരോധിക്കപ്പെടുകയും ചെയ്തു. ഒമ്പതു വര്‍ഷം നീണ്ട സൈനിക ഭരണത്തിനെതിരായ പോരാട്ടത്തിലൂടെയാണ് ഖാലിദ സിയ ബംഗ്ലാ രാഷ്ട്രീയത്തില്‍ കരുത്തയായ നേതാവായി മാറുന്നത്.

Begum Khaleda Zia
'റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും'; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച, പുടിനെ ഫോണില്‍ വിളിച്ച് ട്രംപ്

സൈനിക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് പലതവണ തടവിലായി. വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും സൈനിക സ്വേച്ഛാധിപത്യത്തോടുള്ള കടുത്ത നിലപാടും ജനങ്ങളുടെ കണ്ണില്‍ ഖാലിദ സിയയെ 'വിട്ടുവീഴ്ചയില്ലാത്ത നേതാവാക്കി' മാറ്റി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 1990 ഡിസംബറില്‍ എര്‍ഷാദ് രാജിവെക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമാക്കിയതും, പത്താം ക്ലാസ് വരെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കിയതും ഖാലിദയുടെ നേതൃത്വത്തിലുള്ള 1991ലെ സര്‍ക്കാരായിരുന്നു. മൂല്യവര്‍ധിത നികുതി, ബാങ്ക് കമ്പനി നിയമം തുടങ്ങി പല സുപ്രധാന നിയമനിര്‍മ്മാണങ്ങളും നടപ്പാക്കി. നിരവധി അഴിമതിക്കേസുകളില്‍ ഖാലിദ സിയ പ്രതിയായിരുന്നു. 2025 ല്‍ എല്ലാ അഴിമതി കേസിലും ഖലിദ സിയയെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി.

Summary

Khaleda Zia was not only Bangladesh’s first woman Prime Minister but also the second woman, after Pakistan’s Benazir Bhutto, to lead a democratic government in a Muslim country

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com