

സിറ്റി ഓഫ് വിക്ടോറിയ: ഹോങ്കോങ്ങില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ വന്‍ തീപ്പിടിത്തം. വടക്കന്‍ തായ്‌പേയില്‍ ഉണ്ടായ ദുരന്തത്തില്‍ ഒന്നിലധികം ബഹുനില കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. സംഭവത്തില്‍ അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 13 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 4,600 പേര്‍ താമസിക്കുന്ന ഈ കെട്ടിടത്തില്‍ ഏകദേശം 2,000 ഫ്‌ലാറ്റുകളാണുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റനിലയില്‍ മുപ്പതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സമീപത്തുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 13 പേര്‍ ഇപ്പോഴും തീയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുന്‍ ജില്ലാ കൗണ്‍സിലര്‍ ഹെര്‍മന്‍ യിയു ക്വാന്‍-ഹോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിപ്പിച്ചവരെ ഉള്‍പ്പെടെ പാര്‍പ്പിക്കാന്‍ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തുറന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates