

ഓസ്ലോ: നിയന്ത്രണം വിട്ട കപ്പല്‍ കരയിലേക്ക് ഇടിച്ചുകയറി. നോര്‍വേയിലെ കടലോര നഗരമായ ട്രോണ്ട്ഹീമിലാണ് സംഭവം. കടലോരത്ത് താമസിക്കുന്ന ജൊഹാന്‍ ഹെല്‍ബെര്‍ഗ് എന്നയാളുടെ വീടിന്റെ മുറ്റത്താണ് ചരക്കുകപ്പല്‍ എത്തിയത്. വസതിയില്‍ ഉറങ്ങിക്കിടന്ന ജൊഹാന്‍ ഹെല്‍ബെര്‍ഗ് രാവിലെ എഴുന്നേറ്റപ്പോഴാണ് വീടിന് മീറ്ററുകള്‍ മാത്രം മാറി കപ്പല്‍ നില്‍ക്കുന്നത് കണ്ടത്.
എന്‍ സി എന്‍ സാള്‍ട്ടന്‍ എന്ന എണ്ണക്കപ്പല്‍ നിയന്ത്രണം വിട്ട് വ്യാഴാഴ്ച രാവിലെ ആറോടെയാണ് കരയ്ക്കടിഞ്ഞത്. അല്‍പം കൂടി ശക്തമായി കപ്പല്‍ ഇടിച്ചുകയറിയിരുന്നു എങ്കില്‍ ജൊഹാന്‍ ഹെല്‍ബെര്‍ഗിന്റെ വീട് തകരുമായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 16 നോട്ട് (ഏകദേശം 30 കിലോമീറ്റര്‍/മണിക്കൂറില്‍) വേഗതയില്‍ ആണ് കപ്പല്‍ കരയിലേക്ക് ഇടിച്ചുകയറിയത്. ജോഹാന്‍ ഹെല്‍ബര്‍ഗിന്റെ പൂന്തോട്ടത്തിലേക്ക് ഇടിച്ചുകയറിയ കപ്പല്‍ വീടിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു എന്നും അയല്‍ക്കാരനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കപ്പല്‍ തീരത്തടിഞ്ഞ വിവരം അറിയാതെ ഉറങ്ങിക്കിടന്ന ജൊഹാനെ അയല്‍വാസിയാണ് വിവരം അറിച്ചത്. അയല്‍വാസിയുടെ തുടര്‍ച്ചയായി ബെല്ലടി കേട്ട് ഉണര്‍ന്ന ജൊഹാന്‍ പുറത്തെത്തി നോക്കുമ്പോള്‍ കപ്പലിന്റെ മുന്‍ഭാഗം വീടിന് മീറ്ററുകള്‍ മാത്രം അകലെ എത്തിയിരുന്നു. വീട്ടിലെ ഹീറ്റിങ് പമ്പിന്റെ വയര്‍ മുറിഞ്ഞതൊഴിച്ചാല്‍ മറ്റ് കേടുപാടുകള്‍ ഉണ്ടായില്ല. കപ്പലിനെ തിരികെ കടലിലിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates