

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ലക്ഷ്യത്തിലെത്തി. ഏഴു മാസത്തെ യാത്രയ്ക്ക് ഒടുവിലാണ് പെഴ്സിവിയറൻസ് റോവർ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്.
പാരച്യൂട്ടുകൾ ഉപയോഗിച്ച് പേടകത്തിൻറെ വേഗം കുറച്ച് റോവർ ലാൻഡ് ചെയ്യുകയായിരുന്നു. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണ് ഇതെന്ന സവിശേഷതയുമുണ്ട്.
2020 ജൂലൈ 30നാണ് പെഴ്സിവിയറൻസ് വിക്ഷേപിച്ചത്. അറ്റ്ലസ് 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വയെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്.
ഒൻപത് ഉപഗ്രഹങ്ങൾ മാത്രമാണ് ഇതുവരെ ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്തിട്ടുള്ളത്. യുഎസ് വിക്ഷേപിച്ചവയാണ് ഒൻപതും. ഒരു ചെറുകാറിൻറെ വലുപ്പമാണ് പെഴ്സിവിയറൻസ് റോവറിനുള്ളത്. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് അറിയാനാവും റോവറിന്റെ ശ്രമം. ജലം നിറഞ്ഞ നദികളും തടാകവും 350 കോടി വർഷം മുൻപ് ജെസീറോയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 2031 ൽ സാമ്പിളുമായി പേടകം ഭൂമിയിൽ മടങ്ങിയെത്തും. പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates