

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 900 തടവുപുള്ളികള്‍ രക്ഷപ്പെട്ടു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു.
പ്രക്ഷോഭകാരികളായ യുവാക്കളോട് ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകാനും അദ്ദേഹം പറഞ്ഞു. അസ്വസ്ഥജനകമായ സാഹചര്യം ലഘൂകരിക്കുക, ദേശീയ പൈതൃകം, പൊതു, സ്വകാര്യ സ്വത്തുക്കള്‍, നയതന്ത്ര കാര്യലയങ്ങള്‍ എന്നിവ സംരക്ഷിക്കുക, സുരക്ഷിതത്വബോധം ഉറപ്പാക്കുക എന്നിവ നമ്മുടെ പൊതു കടമയാണ് എന്നും സേനാ മേധാവി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധങ്ങളുടെ മറവില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതിനെതിരെ സൈന്യം ശക്തമായ താക്കീത് നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് സേനാ മേധാവി സിഗ്‌ദേല്‍ മുന്നറിയിപ്പ് നല്‍കി. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. എയര്‍ ഇന്ത്യ സ്‌പൈസ് ജെറ്റ് തുടങ്ങി നിരവധി വിമാന സര്‍വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
നേപ്പാളിലെ തെരുവുകളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും സൈന്യവും പൊലീസും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടി. സമാധാനത്തിലേക്ക് മടങ്ങിയെത്താന്‍ ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങള്‍ നേപ്പാളിലേക്ക് പോകുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും തുടങ്ങി. കാഠ്മണ്ഡു മേയറായ 35 കാരന്‍ ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകണമെന്ന് പ്രക്ഷോഭകാരികള്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates