

ന്യൂയോര്‍ക്ക്: ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഭദ്രന്‍ ഗ്രാമത്തിലാണ് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മേധാവിയായി നിയമിതനായ കാഷ് പട്ടേലിന്റെ കുടുംബത്തിന്റെ വേരുകള്‍. ഭദ്രന്‍ ഗ്രാമത്തില്‍ നിന്നും കാഷ് പട്ടേലിന്റെ പൂര്‍വികര്‍ ഏതാണ്ട് 70-80 കൊല്ലം മുമ്പ് ഉഗാണ്ടയിലേക്ക് കുടിയേറുകയായിരുന്നു. 'ഞങ്ങള്‍ ഗുജറാത്തികളാണ്' എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ കാഷ് പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു.
പട്ടീദാര്‍ സമുദായക്കാരനായ കാഷ് പട്ടേല്‍, എഫ്ബിഐ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ വംശജനാണ്. 1980 ഫെബ്രുവരി 25ന് ല്‍ ന്യൂയോര്‍ക്കിലാണ് കശ്യപ് പ്രമോദ് വിനോദ് പട്ടേലെന്ന കാഷ് പട്ടേലിന്റെ ജനനം. ഗുജറാത്തി കുടിയേറ്റക്കാരുടെ മകനായി ജനിച്ച കാഷ് പട്ടേല്‍ കിഴക്കന്‍ ആഫ്രിക്കയിലാണ് വളര്‍ന്നത്. ലോങ് ഐലന്‍ഡിലെ ഗാര്‍ഡന്‍ സിറ്റി ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി.
റിച്ച്മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവയും നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആഫ്രിക്കയിലേക്ക് താമസം മാറിയതോടെ കാഷ് പട്ടേലിന്റെ ഭദ്രാനിലെ പൂര്‍വ്വിക വീടുകള്‍ വിറ്റിരുന്നു.
പട്ടീദാര്‍ സമുദായത്തിന്റെ ആനന്ദ് ആസ്ഥാനമായുള്ള സംഘടനയായ ഛ് ഗാം പട്ടീദാര്‍ മണ്ഡല്‍, അതിന്റെ അംഗങ്ങളുടെ 'വംശാവലി' നിലനിര്‍ത്തുന്നുണ്ട്. കാഷ് പട്ടേലിന്റെ പേര് ഇതുവരെ വംശാവലിയില്‍ ചേര്‍ത്തിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും അടക്കം കുടുംബത്തിലെ 18 തലമുറകളുടെ പേര് 'വംശാവലിയില്‍' ഉണ്ടെന്ന് സംഘടനയുടെ സെക്രട്ടറിയും ആനന്ദ് ജില്ലാ ബിജെപി പ്രസിഡന്റുമായ രാജേഷ് പട്ടേല്‍ പറഞ്ഞു.
കാഷ് പട്ടേലിന്റെ കുടുംബം അടുത്ത കാലത്തൊന്നും ആനന്ദ് സന്ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍, അദ്ദേഹത്തെ കണ്ടിട്ടില്ല. 1970ല്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം കുടുംബം ഇന്ത്യയില്‍ കുറച്ചു കാലത്തേക്ക് മടങ്ങിയെത്തിയിരുന്നു. പിന്നീട് അവര്‍ കാനഡയിലേക്ക് പോയി. അവിടെ നിന്നാണ് കാഷ് പട്ടേലിന്റെ കുടുംബം അമേരിക്കയിലേക്ക് ചേക്കേറുന്നതെന്നും രാജേഷ് പട്ടേല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates