

ഒരിടവേളയ്ക്ക് ശേഷം ഗാസ മുനമ്പ് ലോകശ്രദ്ധയില്‍ നിറയുകയാണ്. പലസ്തീനുമായുള്ള ഇസ്രയേലിന്റെ സംഘര്‍ഷം വീണ്ടും കടുത്തതോടെ, ഗാസ സിറ്റി വീണ്ടും ദുരന്ത നഗരമായി മാറി. 2014ന് ശേഷം ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ രക്തരൂക്ഷിത പോരാട്ടമാണിത്. നിരവധിപേരാണ് എങ്ങോട്ടുപോകുമെന്ന ആശങ്കയില്‍ ഗാസ നഗരത്തില്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'ഇതൊരു ചെറിയ പ്രദേശമാണ്. ഇതൊരു ജയിലാണ്. എവിടെപ്പോയാലും നിങ്ങളൊരു ടാര്‍ഗറ്റ് ആയിരിക്കും'അമ്പത് വയസ്സുകാരിയായ ഉം മജീദ് അല്‍ റയീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇവരുടെ വീടു തകര്‍ന്നു. നാലു മക്കളുമായി മറ്റൊരു ഫ്‌ലാറ്റില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഇവര്‍.
രണ്ടു ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരനഗരമായ ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം ചെറുക്കാനുള്ള സുരക്ഷിത വീടുകള്‍ ഒന്നുംതന്നെയില്ല. യുഎന്‍ നിര്‍മ്മിച്ച താത്ക്കാലിക ക്യാമ്പുകള്‍ പോലും കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ തകര്‍ന്നു. രണ്ടു ദിവസമായി നടക്കുന്ന ഇസ്രയേല്‍ ആക്രണത്തില്‍ ഹമാസിന്റെ നിര്‍ണായക ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഉള്‍പ്പെടെ മൂന്ന് വന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി.
ചിത്രം: എ പി
ആക്രണത്തെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കാതെ ഇസ്രയേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ആവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നെന്ന് ദുരന്തഭൂമിയില്‍ നിന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചത്തെ കണക്കു പ്രകാരം ഗാസയില്‍ 65പലസ്തീന്‍കാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പതിനാറുപേര്‍ കുട്ടികളാണ്. ഇതില്‍ ഹമാസിലെ അംഗങ്ങളും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടുന്നു.
തന്റെ ഗര്‍ഭിണിയായ മരുമകളും നാലുവയസ്സുകാരനായ ചെറുമകനും ഇസ്രയേലിന്റെ ഒരു മുന്നറിയിപ്പുമില്ലാത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഉം മുഹമ്മദ് അല്‍ തെല്‍ബാനി എന്ന സ്ത്രീ വാര്‍ത്താ ജന്‍സിയോട് പറഞ്ഞു.
എന്നാല്‍ ഹമാസ് ജനങ്ങളെ കവചമാക്കുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കമാന്‍ഡിങ് ഓഫീസുകള്‍ സ്ഥാപിച്ച ഹമാസ്, അവിടെനിന്നാണ് റോക്കറ്റുകള്‍ വിടുന്നത് എന്നും ഇസ്രയേല്‍ ആരോപിക്കുന്നു.
2007ല്‍ ഹമാസ് ഭരണം പിടിച്ച ശേഷം, ഗാസയില്‍ നിന്ന് ജനങ്ങള്‍ക്ക് പുറത്തുകടക്കുനനത് അത്ര എളുപ്പമല്ല. നഗരത്തിന്റെ അതിര്‍ത്തികള്‍ സെന്‍സര്‍ വേലികള്‍, കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തികള്‍, സ്റ്റീല്‍ ബാരിയറുകള്‍ എന്നിവ കൊണ്ട് അടച്ചിരിക്കുകയാണ്. ഒരുവശത്ത് മെഡിറ്ററേനിയന്‍ കടലാണ്. പതിനാറു നോട്ടിക്കല്‍ മൈലിന് അപ്പുറത്തേക്ക് കടല്‍ മാര്‍ഗം സഞ്ചരിക്കാന്‍ പറ്റില്ല. ഇസ്രയേല്‍ നാവിക സേനയുടെ നിരീക്ഷണത്തിലാണ് ഈ പ്രദേശം.
ചിത്രം: ട്വിറ്റര്‍
ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ ഏഴുപേര്‍ മരിച്ചെന്നാണ് വിവരം. ടെല്‍ അവീവിലേക്കാണ് ഹമാസ് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ അഷ്‌കലോണ്‍ നഗരത്തിലെ ഒരു സ്‌കൂളും തകര്‍ന്നു. 2008ലെയും 2014ലെയും ഹമാസ് ആക്രമണങ്ങളില്‍ തകരാതിരുന്ന ഒരു കെട്ടിടം ബുധനാഴ്ചത്തെ ആക്രമണത്തില്‍ തകര്‍ന്നുവീണു.
റമസാന്‍ മാസമായതിനാല്‍ ഈ സമയത്ത് ഗാസയുടെ തെരുവകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍, ഇത്തവണ തെരുവുകള്‍ വിജനമാണ്. ആംബുലന്‍സുകളു ഹമാസിന്റെ സൈനിക വാഹനങ്ങളും മാത്രമാണ് നഗത്തില്‍ ഓടുന്നത്.
2000ത്തോളം പേര്‍ കൊല്ലപ്പെട്ട ഏഴാഴ്ച നീണ്ടുനിന്ന 2014ലെ യുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഗാസയില്‍ നിലനില്‍ക്കുന്നതെന്ന് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ സൗദ് അബു റമദാന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates