

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ അശാന്തി ആഗോള എണ്ണവിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാനെതിരായ യുഎസ് യും ഇസ്രയേല്‍ ആക്രമണവും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് ആസ്തികള്‍ക്കെതിരായ തിരിച്ചടിയും ആഗോള എണ്ണ വിതരണ ശൃംഖലയെ വലിയ തോതില്‍ ബാധിച്ചു കഴിഞ്ഞു. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു.
ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഇറാന്‍, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള എണ്ണ വിതരണം നിലവിലെ സാഹചര്യത്തില്‍ നിലയ്ക്കുകയോ മന്ദഗതിയിലാവുകയോ ചെയ്തതാണ് വിപണിയെ സ്വാധീനിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ നേരെയുണ്ടായ ആക്രമണം അരങ്ങേരിയ സാഹചര്യം ഉള്‍പ്പെടെ എണ്ണ കയറ്റുമതിയെയും അസംസ്‌കൃത എണ്ണയ്ക്കും ഗ്യാസോലിനും വില ഉയരുന്നതിനും കാരണമാകുന്നെന്ന് വിദഗ്ധര്‍ പറയുന്നു.
അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ലൈറ്റ്, സ്വീറ്റ് ക്രൂഡ് ഓയില്‍ ആയ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന് ബാരലിന് ഏകദേശം 72 യുഎസ് ഡോളറാണ് ഇന്നത്തെ തിങ്കളാഴ്ചയിലെ വില. വെള്ളിയാഴ്ച ഏകദേശം 67 യുഎസ് ഡോളറായിരുന്ന വിലയാണ് ഏകദേശം 7.3 ശതമാനം ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 78 യുഎസ് ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ ഒരു ബാരലിന് 78.55 യുഎസ് ഡോളറിലാണ് തിങ്കളാഴ്ച വ്യാപരം ആരംഭിച്ചത്. വെള്ളിയാഴ്ച 72.87 യുഎസ് ഡോളറില്‍ നിന്ന് 7.8 ശതമാനമാണ് വര്‍ധിച്ചത്. ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനം വരുന്ന പ്രതിദിനം ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കൈകാര്യം ചെയ്യുന്ന മേഖലയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനുമായി വടക്ക് അതിര്‍ത്തി പങ്കിടുന്ന പ്രദേശം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും ആഗോള വിപണിയില്‍ എത്തിക്കുന്നു. ഫെബ്രുവരി പകുതിയോടെ ഇറാന്‍ കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇതോടെ എണ്ണവില ഏകദേശം 6 ശതമാനം ഉയര്‍ന്നു.
നടപടിക്ക് പിന്നാലെ ഒപെക് + കൂട്ടായ്മയുടെ ഭാഗമായ എട്ട് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നിവ ഉള്‍പ്പെട്ട കൂട്ടായ്മ ഏപ്രിലില്‍ പ്രതിദിനം 206,000 ബാരല്‍ എന്ന തോതില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം ഏകദേശം 1.6 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. ചൈനയാണ് പ്രധാന മാര്‍ക്കറ്റ്. ഇറാന്റെ കയറ്റുമതി തടസ്സപ്പെട്ടാല്‍ മറ്റൊരു രാജ്യവുമായി ചൈനയ്ക്ക് സഹകരിക്കേണ്ടിവരും. ഇതും എണ്ണ വിലയെ സ്വാധീനിച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates