ജനീവ: കോവിഡ് 19ന്റെ ഒമൈക്രോൺ വകഭേദം ലോകമെമ്പാടും ആളുകളുടെ മരണത്തിന് കാരണമാകുകയാണെന്നും ഇത് നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം പല രാജ്യങ്ങളിലും മുമ്പ് പിടിമുറുക്കിയിരുന്ന ഡെൽറ്റ വേരിയന്റിനെ മറികടന്ന് മുന്നേറുകയാണെന്ന് ഡബ്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമൈക്രോണിന് തീവ്രത കുറവാണെന്ന് തോന്നുമെങ്കിലും അതിനെ നിസാരമായി കണക്കാക്കണമെന്ന് അർത്ഥമില്ലെന്ന് ടെഡ്രോസ് പറഞ്ഞു. മുൻ വകഭേദങ്ങൾ പോലെ ഒമൈക്രോൺ ബാധിച്ച് ആളുകൾ ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് ബാധിതരുടെ സുനാമി വളരെ വലുതും വേഗത്തിലുമാണ് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്നത് എന്നതാണ് വാസ്തവം.
കഴിഞ്ഞ ആഴ്‌ച 95 ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതായത് മുൻ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനം വർധന.
2022 പകുതിയോടെ 70 ശതമാനം പേർ വാക്സിനെടുക്കണം
2021 സെപ്തംബർ അവസാനത്തോടെ എല്ലാ രാജ്യങ്ങളും ജനസംഖ്യയുടെ 10 ശതമാനവും ഡിസംബർ അവസാനത്തോടെ 40 ശതമാനവും വാക്സിനേഷൻ നൽകണമെന്നാണ് ടെഡ്രോസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഡബ്ല്യുഎച്ച്ഒയുടെ 194 അംഗരാജ്യങ്ങളിൽ തൊണ്ണൂറ്റിരണ്ട് രാജ്യങ്ങളും നിശ്ചയിച്ച ലക്ഷ്യത്തിലെത്തിയില്ല. 2022 പകുതിയോടെ എല്ലാ രാജ്യങ്ങളിലും 70 ശതമാനം ആളുകൾ വാക്സിൻ സ്വീകരിക്കണമെന്നാണ് ടെഡ്രോസ് ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates